അഹമ്മദാബാദ് : ഏകീകൃത സിവില്‍ കോഡ് പാര്‍ട്ടി ഉയര്‍ത്തുന്ന ദേശീയ പ്രശ്‌നമാണെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ. അടുത്തിടെ നടന്ന ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പിലും നിലവിലെ ഗുജറാത്ത് പ്രചരണത്തിലും ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കുമെന്ന വാഗ്‌ദാനം മുന്നോട്ടുവച്ചതിന് പിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷന്‍റെ പ്രതികരണം. രാജ്യത്തിന്‍റെ സമ്പത്തും ഉത്തരവാദിത്വങ്ങളും എല്ലാവര്‍ക്കും തുല്യമാണെന്നും ഇതിന് യുസിസി സ്വാഗതാര്‍ഹമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
യുസിസി എന്ന കവചം : മനുഷ്യ ശരീരത്തിലെ ചീത്ത കോശങ്ങളെ നിരീക്ഷിക്കാന്‍ ആന്‍റിബോഡികള്‍ ഉള്ളതുപോലെ ദേശവിരുദ്ധ കോശങ്ങളെ നിയന്ത്രിക്കേണ്ടത് രാജ്യത്തിന്‍റെ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ രാജ്യത്തിനും സമൂഹത്തിനും എതിരായി പ്രവർത്തിക്കുന്ന ശക്തികളെ നിയന്ത്രിക്കേണ്ടത് രാജ്യത്തിന്‍റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ അദ്ദേഹം കഴിയുന്നത്ര സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.
മുസ്‌ലിങ്ങളെ അവഗണിച്ചോ ? :ഗുജറാത്തില്‍ എന്തുകൊണ്ട് ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചില്ല എന്ന വിമര്‍ശനത്തിന് മറുപടി നല്‍കാനും അദ്ദേഹം മറന്നില്ല. തന്‍റെ പാര്‍ട്ടി 'സബ് കാ സാത്ത്, സബ് കാ വികാസ്' ( എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം) എന്നതിലാണ് വിശ്വസിക്കുന്നത്. അന്തരിച്ച ഡോ.എ.പി.ജെ അബ്‌ദുല്‍ കലാം ഇന്ത്യയുടെ രാഷ്‌ട്രപതിയായത് ബിജെപി പിന്തുണയോടെയാണെന്നും കേന്ദ്രത്തിലുള്ള മോദി സര്‍ക്കാര്‍ മുസ്‌ലിം ഗവര്‍ണര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ 'സബ് കാ സാത്ത്, സബ് കാ വികാസ്' എന്ന തത്വവും വിജയസാധ്യതയും മാത്രമേ തെരഞ്ഞെടുപ്പിന് സീറ്റ് നല്‍കുന്നതിന് മാനദണ്ഡമായിട്ടുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.