ഹൈദരാബാദ്:ടിആർഎസ് (ബിആർഎസ്) എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ച മൂന്ന് ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഡൽഹി സ്വദേശിയായ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ, ഹൈദരാബാദ് സ്വദേശിയായ നന്ദകുമാർ, തിരുപ്പതി സ്വദേശിയായ സിംഹയാജി സ്വാമി എന്നിവർക്കെതിരെയാണ് കേസ്.
അച്ചംപേട്ട് മണ്ഡലത്തിലെ ഗുവ്വാല ബാലരാജ്, തണ്ടൂർ എംഎൽഎ രോഹിത് റെഡ്ഡി, കൊല്ലാപ്പൂർ എംഎൽഎ ഹർഷവർധൻ റെഡ്ഡി, പിണപാക എംഎൽഎ റേഗ കാന്ത റാവു എന്നീ നാല് എംഎൽഎമാർ ബിജെപിയിൽ ചേരണമെന്നും ഇതിനായി 100 കോടി രൂപയും മറ്റ് ആനുകൂല്യങ്ങള്‍ സംബന്ധിക്കുന്ന വ്യവസ്ഥകളുമായിരുന്നു ബിജെപിയുടെ വാഗ്ദാനം.
തുടർന്ന്, ഇന്നലെ (26/10/2022) ബിജെപി നേതാക്കൾ ടിആർഎസ് നേതാവിനെ ബന്ധപ്പെടുകയും ബിജെപിയിലേക്ക് ചേരുന്നത് സംബന്ധിച്ച് ചർച്ച നടത്താനായി മൊയ്നാബാദിലെ അസീസ് നഗറിലുള്ള നേതാവിന്റെ ഫാം ഹൗസിലേക്ക് ഉച്ചയ്ക്ക് ശേഷം വരുമെന്ന് അറിയിക്കുകയും ചെയ്തു. മറ്റ് ചില ടിആർഎസ് എംഎൽഎമാരെ കൂടി ഫാം ഹൗസിൽ ഇതിനായി അണിനിരത്തണമെന്നും ഇവർക്കും കൈക്കൂലി നൽകാമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
ടിആർഎസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള തെലങ്കാന ഗവൺമെന്റിനെ അസ്ഥിരപ്പെടുത്തുന്നതിനായി തുകകൾ സ്വീകരിക്കാനും അവരുടെ പൊതു ചുമതലകൾ അനുചിതമായും സത്യസന്ധതയില്ലാതെയും നിർവഹിക്കാനും ബിജെപി നേതാക്കൾ എംഎൽഎമാരെ പ്രേരിപ്പിച്ചു. തുടർന്നാണ് ടിആർഎസ് എംഎൽഎ പൊലീസിൽ പരാതി നൽകിയത്.
വാഗ്ദാനങ്ങൾ:ടിആർഎസിൽ നിന്ന് ബിജെപിയലേക്ക് ചേർന്നാൽ 100 കോടി രൂപ, കേന്ദ്ര സർക്കാരിന്റെ സിവിൽ കരാർ ജോലികളും മറ്റ് ഉയർന്ന ജോലികളും ബിജെപിയിൽ നിന്ന് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അവസരം നൽകും എന്നിവയായിരുന്നു വാഗ്ദാനങ്ങൾ.