ന്യൂഡൽഹി : രാഹുൽ ഗാന്ധി ബോധപൂർവം ഒബിസി വിഭാഗത്തെ അപമാനിക്കുകയാണെന്ന് ബിജെപി. ലോക്‌സഭ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെയാണ് ബിജെപി നേതാവ് രവിശങ്കർ പ്രസാദിന്‍റെ കുറ്റപ്പെടുത്തൽ.
രാജ്യത്തെ ഒബിസി വിഭാഗത്തെ രാഹുൽ ഗാന്ധി മനഃപൂർവം അവഹേളിച്ചു. ഒബിസി വിഭാഗത്തെ ദുരുപയോഗം ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. വിമർശിക്കാൻ അവകാശമുണ്ട് എന്നാൽ, അപമാനിക്കാൻ അവകാശമില്ല. മോദി പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പോലും പറഞ്ഞില്ലെന്നും രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.
എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിക്കെതിരെ കോടതി ശിക്ഷ വിധിച്ചത് എന്നും അദ്ദേഹം ചോദിച്ചു. ഇത് രാഹുൽ ഗാന്ധിയുടെ കാര്യം മാത്രമല്ല. വിവിധ പാർട്ടികളിൽ നിന്നുള്ള 32 പേരെ സമാന ആരോപണങ്ങളിൽ അയോഗ്യരാക്കിയിട്ടുണ്ട്. കോൺഗ്രസിന് എന്തെങ്കിലും പ്രത്യേക നിയമം ഉണ്ടോ എന്നും ബിജെപി നേതാവ് ചോദിച്ചു.
ബിഹാറിലെ ബിജെപി നേതാവ് സുശീൽ കുമാർ മോദി ഉൾപ്പടെ മോദി സമുദായത്തിൽപ്പെട്ടവരാണ് രാഹുലിനെതിരെ നിൽക്കുന്നത്. രാഹുലിനെ ശിക്ഷിച്ച സൂറത്ത് കോടതിയുടെ തീരുമാനം തെറ്റാണെന്ന് കോൺഗ്രസ് പാർട്ടി കരുതുന്നുവെങ്കിൽ, എന്തുകൊണ്ടാണ് നേതാക്കൾ പവൻ ഖേര കേസിൽ ചെയ്‌തതുപോലെ ഈ തീരുമാനത്തെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാത്തതെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.
അയോഗ്യനാക്കിയതിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു രവിശങ്കർ പ്രസാദിന്‍റെ വാർത്താസമ്മേളനം. രക്തസാക്ഷി പരിവേഷമുണ്ടാക്കാനുള്ള ശ്രമത്തിലാണ് രാഹുലെന്നും കർണാടക തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് ഇതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.