ഇന്‍ഡോര്‍ (മധ്യപ്രദേശ്) :വസ്‌ത്രധാരണത്തിന്‍റെ പേരില്‍ സ്‌ത്രീകളെ അവഹേളിച്ച് പുതിയ വിവാദത്തിന് തിരികൊളുത്തി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. മോശം വസ്‌ത്രം ധരിക്കുന്ന സ്‌ത്രീകളെ 'ശൂർപ്പണഖ'യോട് ഉപമിച്ചാണ് വിജയ വര്‍ഗിയ വിവാദത്തിന് വഴിമരുന്നിട്ടത്. ഹനുമാൻ ജയന്തി ദിനത്തിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ഒരു ജൈന സമാജ് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
പരാമര്‍ശം ഇങ്ങനെ :ഞാൻ രാത്രിയിൽ പുറത്തുപോകുമ്പോഴെല്ലാം വിദ്യാസമ്പന്നരായ ആൺകുട്ടികളെയും പെൺകുട്ടികളെയും മദ്യപിച്ച അവസ്ഥയിൽ കാണാറുണ്ട്. കാറിൽ നിന്ന് ഇറങ്ങി അവരെ തല്ലാനാണ് എനിക്ക് എപ്പോഴും തോന്നാറുള്ളത്. എന്തുതന്നെ ആയാലും മര്യാദയില്ലാത്ത വസ്‌ത്രം ധരിക്കുന്ന പെൺകുട്ടികൾ 'ശൂർപ്പണഖ'യെപ്പോലെയാണ് എന്ന് കൈലാഷ് വിജയവർഗിയ പറഞ്ഞു. ദൈവം അവർക്ക് നല്ല ശരീരമാണ് നൽകിയിരിക്കുന്നതെന്നും അതിനാല്‍ അവർ മാന്യമായ വസ്‌ത്രം ധരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളിൽ മൂല്യബോധം വളർത്തിയെടുക്കേണ്ടത് നിലവില്‍ അനിവാര്യമാണ്. ഇൻഡോർ എല്ലാത്തിനും മുന്നിലാണ്, എന്നാൽ നഗരത്തിൽ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുകയാണ്. ഇൻഡോറിലെ രാത്രികാല ജീവിതവും, രാത്രി വൈകുവോളം തെരുവുകളിലുള്ള യുവാക്കളുടെ പ്രവർത്തനങ്ങളും പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്‍റെ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതേസമയം ഇൻഡോറിലെ രാത്രികാല ജീവിതരീതിക്കെതിരെ മുൻ ലോക്‌സഭ സ്പീക്കർ സുമിത്ര മഹാജനും മുമ്പ് വിമര്‍ശനമുന്നയിച്ചിരുന്നു.
മുമ്പും വിവാദങ്ങള്‍ :മുമ്പ് തന്‍റെ പാർട്ടി ഓഫിസിലെ സുരക്ഷ ജോലികളിൽ 'അഗ്നിവീരർ'ക്ക് മുൻഗണന നൽകുമെന്ന് പറഞ്ഞ് കൈലാഷ് വിജയവർഗിയ വിവാദത്തില്‍ കുരുങ്ങിയിരുന്നു. അദ്ദേഹം സൈനികരെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് കോൺഗ്രസ് ആരോപണവുമായി രംഗത്തെത്തി. എന്നാല്‍ "ടു ക്‌ഡെ ടുക്‌ഡെ സംഘം" തന്‍റെ അഭിപ്രായങ്ങൾ വളച്ചൊടിക്കുകയാണെന്നായിരുന്നു വിജയവർഗിയയുടെ പ്രതികരണം.