ലഖ്‌നൗ : യോഗിസര്‍ക്കാര്‍ സംസ്ഥാനത്തെ കരിമ്പ് കര്‍ഷകരെ വഞ്ചിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സര്‍ക്കാര്‍ കരിമ്പിന്‍റെ താങ്ങുവില ക്വിന്‍റലിന് 25 രൂപ വർധിപ്പിച്ച് 350 രൂപയാക്കിയതിലാണ് പ്രതികരണം.
കൃഷിച്ചെലവ് പലമടങ്ങ് ഉയര്‍ന്നിരിക്കെ നേരിയ തോതില്‍ മാത്രം വിലകൂട്ടിയത് കര്‍ഷകരോടുള്ള കടുത്ത വഞ്ചനയാണെന്ന് പ്രിയങ്ക ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് യോഗി സർക്കാർ ഞായറാഴ്‌ച കരിമ്പിന്‍റെ താങ്ങുവിലയിൽ ക്വിന്‍റലിന് 25 രൂപ വർധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.
Also Read: ഒക്ടോബറിൽ 21 ദിവസങ്ങള്‍ ബാങ്ക് അവധി ; തുറക്കാദിനങ്ങളുടെ പട്ടിക ഇങ്ങനെ
കൃഷിച്ചെലവ് പല തവണ വർധിച്ചപ്പോൾ നാല് വർഷത്തിനിടെ വെറും 35 രൂപ മാത്രമാണ് താങ്ങുവിലയിൽ വർധനവ് ഉണ്ടായതെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്‌തു.
ഉത്തർപ്രദേശിലെ കരിമ്പ് കർഷകർക്ക് ക്വിന്‍റലിന് 400 രൂപയിൽ കുറഞ്ഞതൊന്നും പര്യാപ്തമല്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.
സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്‍റെ തലേന്നാണ് കരിമ്പിന്‍റെ താങ്ങുവില വർധിപ്പിക്കാനുള്ള യോഗി സർക്കാരിന്‍റെ തീരുമാനം പുറത്തുവന്നത്. ഇത് യുപി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമായും വിലയിരുത്തപ്പെടുന്നുണ്ട്.