ന്യൂഡല്‍ഹി: തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍ ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടത്തിയ ആരോപണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി. ജയിലിൽ കഴിയുന്ന എഎപി മന്ത്രി സത്യേന്ദർ ജെയിനെ ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെയോ ഹരിയാനയിലെയോ ജയിലിലേക്ക് മാറ്റണമെന്നും ഡൽഹിയിലെ ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്‌ത ആവശ്യപ്പെട്ടു. ഇഡി രജിസ്റ്റര്‍ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുകയാണ് ജെയിന്‍.
കെജ്‌രിവാള്‍ സര്‍ക്കാരിലെ ജയില്‍ മന്ത്രിയായിരുന്ന ജെയിന്‍, ജയില്‍ സംരക്ഷണത്തിനായി തന്‍റെ പക്കല്‍ നിന്നും 10 കോടി രൂപ വാങ്ങി എന്നാണ് സുകേഷിന്‍റെ ആരോപണം. കൂടാതെ 50 കോടി രൂപ വാങ്ങി തനിക്ക് രാജ്യസഭ സീറ്റ് ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ വാഗ്‌ദാനം ചെയ്‌തിരുന്നു എന്നും സുകേഷ് എഴുതിയ കത്തില്‍ പറഞ്ഞിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എഎപിയുടെ വിപുലീകരണത്തിനായി 500 കോടി രൂപ സംഭാവന നല്‍കാന്‍ തയ്യാറുള്ള ആളുകളെ കണ്ടെത്താന്‍ എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടുവെന്നും കത്തില്‍ ആരോപണമുണ്ട്.