ന്യൂഡൽഹി:കൊവിഡ് രണ്ടാം തരംഗത്തിനിടെ മെഡിക്കൽ ഓക്‌സിജന്‍റെ ആവശ്യകത ഡൽഹി സർക്കാർ പെരുപ്പിച്ചു കാണിച്ചുവെന്ന ആരോപണവുമായി ബിജെപി. സുപ്രീം കോടതി നിയോഗിച്ച ഓഡിറ്റ് സമിതിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് കെജ്‌രിവാൾ സർക്കാരിനെതിരായ ബിജെപിയുടെ വിമർശനം.
രാജ്യത്ത് മഹാമാരി രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലും കെജ്‌രിവാൾ സർക്കാർ ഓക്‌സിജൻ വിതരണത്തെ രാഷ്‌ട്രീയവത്‌കരിച്ചുവെന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കുറ്റകൃത്യമാണിതെന്നും ബിജെപി വക്താവ് സാംബിത് പത്ര ആരോപിച്ചു.
കെജ്‌രിവാൾ സർക്കാർ മറുപടി പറയണം
ഡൽഹിയിൽ ഓക്‌സിജന്‍റെ ആവശ്യകത സർക്കാർ നാലിരട്ടിയായി വർധിപ്പിച്ചു കാണിച്ചുവെന്ന ഓക്‌സിജൻ ഓഡിറ്റ് കമ്മിറ്റി സമർപ്പിച്ച ഡാറ്റ ആശ്ചര്യപ്പെടുത്തുന്നതാണ്. ഇത്രയും ഓക്‌സിജൻ മറ്റ് സംസ്ഥാനങ്ങളിൽ വിതരണം ചെയ്‌തിരുന്നുവെങ്കിൽ നിരവധി ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നെന്നും ഇതിന് മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്നും പത്ര പറഞ്ഞു.
Read more:ഡൽഹിയിൽ ഓക്‌സിജൻ ക്ഷാമം നാല് ഇരട്ടി പെരുപ്പിച്ച് കാണിച്ചതായി ഓഡിറ്റ് സമിതി
ഓക്‌സിജൻ ആവശ്യകത നാലിരട്ടിയായി വർധിപ്പിച്ചു
ഡൽഹിയിലെ ഓക്‌സിജന്‍റെ ശരാശരി ഉപഭോഗം 284 മുതൽ 372 മെട്രിക് ടൺ വരെയാണ്. എന്നാൽ ഏപ്രിൽ 25 മുതൽ മെയ് 10 വരെയുള്ള കാലയളവിൽ ഡൽഹി സർക്കാർ നഗരത്തിലെ ഓക്‌സിജന്‍റെ ആവശ്യകത വേണ്ടിയിരുന്ന അളവിനേക്കാള്‍ നാലിരട്ടിയിലധികം പെരുപ്പിച്ചു കാണിച്ചുവെന്നാണ് സുപ്രീം കോടതിയുടെ ഓക്‌സിജൻ ഓഡിറ്റ് കമ്മിറ്റി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തലസ്ഥാനത്തെ ഓക്‌സിജന്‍റെ വർധിച്ച ആവശ്യകത മൂലം കൊവിഡ് രൂക്ഷമായ മറ്റ് 12 സംസ്ഥാനങ്ങളിലേക്കുള്ള ഓക്‌സിജൻ വിതരണത്തിൽ പ്രതിസന്ധിയുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് സമർപ്പിച്ചത് ഗുലേറിയ അധ്യക്ഷനായ ബഞ്ച്
എയിംസ് ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി നിയോഗിച്ച സമിതിയിൽ ഡൽഹി സർക്കാരിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറി ഭൂപീന്ദർ ഭല്ല, മാക്‌സ് ഹെൽത്ത് കെയർ ഡയറക്‌ടർ ഡോ. സന്ദീപ് ബുധിരാജ, കേന്ദ്ര ജൽ ശക്തി മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി സുബോധ് യാദവ് എന്നിവരും ഉണ്ടായിരുന്നു.