ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും വീണ്ടും ഇഡി നോട്ടിസ്. കെജ്‌രിവാളിന് ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇഡി നോട്ടിസ് അയച്ചപ്പോള്‍ ഹേമന്ത് സോറന് ഖനന അഴിമതി കേസിലാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്. കേസില്‍ കെജ്‌രിവാളിന് ഇത് നാലാം തവണയാണ് ഇഡി നോട്ടിസ് അയക്കുന്നത്. അതേ സമയം ഖനന അഴിമതി കേസില്‍ എട്ടാം തവണയാണ് ഹേമന്ത് സോറന് സമന്‍സ് ലഭിച്ചത്. ജനുവരി 16നും 20നും ഇടയിലാണ് ഹാജരാകാനാണ് ഇരുവര്‍ക്കും നിര്‍ദേശം.
രൂക്ഷ വിമര്‍ശനവുമായി ബിജെപി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സമന്‍സ് അയച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി. കേസില്‍ ഓരോ തവണയും അന്വേഷണം നേരിടുന്നതില്‍ കെജ്‌രിവാള്‍ വിസമ്മതിക്കുകയാണെന്നും ഇത് രാഷ്‌ട്രീയ പ്രേരിതമാണെന്നും ബിജെപി കുറ്റപ്പെടുത്തി. ബൻസുരി സ്വരാജ്, ഹരീഷ് ഖുറാന, ഷെഹ്‌സാദ് പൂനവല്ല, വീരേന്ദ്ര സച്ച്‌ദേവ തുടങ്ങി നിരവധി പേരാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത് (Delhi CM Kejriwal).
ഡല്‍ഹിയില്‍ മദ്യ കുംഭകോണം നടന്നിട്ടുണ്ടെന്നും ഇക്കാര്യം കോടതിയില്‍ വ്യക്തമായിട്ടുണ്ടെന്നും ബൻസുരി സ്വരാജ് പറഞ്ഞു. കേസില്‍ നാലാം തവണയും ഇഡി സമന്‍സ് അയച്ചത് ലജ്ജാകരമാണെന്നും നേരത്തെ മൂന്ന് തവണ സമന്‍സ് അയച്ചിട്ടും കെജ്‌രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരായിട്ടില്ലെന്നും ബൻസുരി സ്വരാജ് പറഞ്ഞു. നാലാം തവണ ലഭിച്ച സമന്‍സിനും കെജ്‌രിവാള്‍ ഹാജരാകുമെന്ന് കരുതുന്നില്ലെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു (Bharatiya Janata Party (BJP).
കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിന് ഇഡി നാലാം തവണയും നോട്ടിസ് അയച്ചു എന്നാല്‍ അദ്ദേഹം ഗോവ സന്ദര്‍ശനത്തിലാണെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഹരീഷ് ഖുറാന പറഞ്ഞു. ഗോവയിലെ വിപാസനയും മധ്യപ്രദേശിലെ തെരഞ്ഞെടുപ്പുമാണ് കെജ്‌രിവാളിന് നിയമത്തെ മാനിക്കുന്നതിനേക്കാള്‍ പ്രധാനമെന്നും ഖുറാന കുറ്റപ്പെടുത്തി (Enforcement Directorate (ED).
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അന്വേഷണത്തില്‍ നിന്നും ഒളിച്ചോടുന്നത് എന്തിനെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ചോദിച്ചു. 2011 മുതല്‍ 2014 വരെ അഴിമതിക്കെതിരെ സംസാരിച്ചയാളാണ് കെജ്‌രിവാള്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തന്നെ അഴിമതി കുരുക്കില്‍പ്പെട്ടിരിക്കുകയാണെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു (ED Summons To Arvind Kejriwal).
കെജ്‌രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വിരേന്ദ്ര സച്ച്‌ദേവയും രംഗത്തെത്തി. കേസ് അന്വേഷണത്തില്‍ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് സച്ച്‌ദേവ പറഞ്ഞു. അന്വേഷണം ഒഴിവാക്കാന്‍ ശ്രമിക്കുമ്പോഴേല്ലാം ഇഡി നോട്ടിസ് ലഭിക്കും. നാലാം തവണയും ഇഡി നോട്ടിസ് ലഭിക്കുന്ന സമയത്ത് അദ്ദേഹം ഗോവ സന്ദര്‍ശനത്തിലാണെന്നും സച്ച്‌ദേവ കൂട്ടിച്ചേര്‍ത്തു.
വിമര്‍ശിച്ച് കോണ്‍ഗ്രസും: സംഭവത്തില്‍ ബിജെപിക്കൊപ്പം കെജ്‌രിവാളിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. മദ്യനയ കേസില്‍ ഉള്‍പ്പെട്ട മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും സത്യസന്ധരാണെങ്കില്‍ എന്തുകൊണ്ട് അവര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും ഇളവ് ലഭിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. ഇളവ് ലഭിക്കാത്തതിന് കാരണം നിങ്ങള്‍ മദ്യ അഴിമതിയില്‍ രാജാക്കന്മാരെന്ന് വ്യക്തമായത് കൊണ്ടാണെന്നും പൂനവല്ല പറഞ്ഞു.