ബെംഗളൂരു: കർണാടകയിലെ ജയനഗർ മണ്ഡലത്തിൽ നടത്തിയ റീകൗണ്ടിങ്ങിൽ കോണ്‍ഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിക്കെതിരെ 16 വോട്ടിന്‍റെ വിജയം നേടി ബിജെപി സ്ഥാനാർഥി സികെ രാമമൂർത്തി. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ശനിയാഴ്‌ച രാത്രി ഏറെ വൈകി പ്രഖ്യാപിച്ച ഫലപ്രഖ്യാപനത്തിലാണ് സികെ രാമമൂർത്തി അട്ടിമറി വിജയം സ്വന്തമാക്കിയത്. മണ്ഡലത്തിൽ ആദ്യം സൗമ്യ റെഡ്ഡിയെയായിരുന്നു വിജയിയായി പ്രഖ്യാപിച്ചിരുന്നത്.
മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന രാമലിംഗ റെഡ്ഡിയുടെ മകളായ സൗമ്യ റെഡ്ഡിയും ബിജെപി സ്ഥാനാർഥി സികെ രാമമൂർത്തിയും തമ്മിലായിരുന്നു ജയനഗറിൽ ഏറ്റുമുട്ടിയിരുന്നത്. ശനിയാഴ്‌ച ഉച്ചയോടെ ഫലം പുറത്തുവന്നപ്പോൾ 160 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സൗമ്യ റെഡ്ഡി വിജയിച്ചതായി പ്രഖ്യാപിച്ചു. ഇതോടെ കോണ്‍ഗ്രസ് പ്രവർത്തകർ ആഘോഷവും തുടങ്ങി.
എന്നാൽ ശരിയായ ഫലമല്ല പുറത്ത് വന്നതെന്നും റീകൗണ്ടിങ് നടത്തണമെന്നുമുള്ള ആവശ്യവുമായി ബിജെപി രംഗത്തെത്തി. പിന്നാലെ റീകൗണ്ടിങ് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ റീകൗണ്ടിങ് നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും രംഗത്തെത്തി.
വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി ഡികെ ശിവകുമാർ: പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറും സൗമ്യ റെഡ്ഡിയുടെ പിതാവും സംസ്ഥാന യൂണിറ്റ് വർക്കിങ് പ്രസിഡന്‍റ് രാമലിംഗ റെഡ്ഡിയും ഉൾപ്പെടെയുള്ള നേതാക്കൾ വോട്ടെണ്ണൽ നടക്കുന്ന ജയനഗറിലെ ആർവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റിന് പുറത്ത് എത്തുകയും വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെ അവിടെ തുടരുകയും ചെയ്‌തു. ഇതോടെ ബിജെപി പ്രവർത്തകരും കൂട്ടമായി ഇവിടേക്കെത്തി.