ഇംഫാല്‍:കലാപം കെട്ടടങ്ങാത്ത മണിപ്പൂരിന്‍റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവയ്‌ക്കാനുള്ള തീരുമാനം പിന്‍വലിച്ച് ബിരേൻ എൻ സിങ്. ഇംഫാലിലെ അദ്ദേഹത്തിന്‍റെ വസതിക്ക് പുറത്ത് പാര്‍ട്ടി അനുയായികൾ രാജിക്കത്ത് വലിച്ചുകീറി, തീരുമാനത്തില്‍ നിന്നും പിന്നോട്ടുപോവണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ്, ബിരേൻ എൻ സിങ് നിലപാട് വ്യക്തമാക്കിയത്. ഇതോടെ, ഒരു ദിവസം നീണ്ടുനിന്ന അഭ്യൂഹത്തിനാണ് വിരാമമായത്.
ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, പ്രകടനവുമായി എത്തുകയും രാജ്‌ഭവനിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയുകയും ചെയ്‌തു. ഇവരുടെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കുന്നില്ലെന്ന് പ്രകടനത്തിലുണ്ടായിരുന്ന സ്‌ത്രീകള്‍ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കി. തുടര്‍ന്ന്, രാജിസംബന്ധിച്ച് ബിരേന്‍ സിങ് ട്വീറ്റ് ചെയ്‌തു. ഇതോടെയാണ്, സ്ഥിതിഗതികൾ ശാന്തമായത്. ഇതോടെ, ജനക്കൂട്ടം അദ്ദേഹത്തിന്‍റെ വസതിക്ക് മുന്‍പില്‍ നിന്ന് പതുക്കെ പിരിഞ്ഞുപോയി. അതേസമയം, ഈ നിർണായക ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താൻ രാജിവയ്‌ക്കില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബിരേൻ സിങ് ട്വീറ്റിലൂടെ വ്യക്തമാക്കി.
ഗവര്‍ണറെ കാണാന്‍ 20 എംഎൽഎമാർക്കൊപ്പം യാത്ര:മണിപ്പൂരിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തില്‍, ഇന്ന് ഗവർണർ അനുസ്യൂയ യുകിയ്‌ക്ക് മുന്‍പാകെ രാജി സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗവർണറെ കാണാനായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം. എന്നാൽ, രാജിയെ എതിർത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ വസതിക്ക് മുന്‍പില്‍ തടിച്ചുകൂടിയതോടെയാണ് രംഗം മാറിയത്. 20 എംഎൽഎമാർക്കൊപ്പം രാജ്ഭവനിലേക്ക് പോവുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെ പിന്തിരിപ്പിക്കാന്‍ എത്തിയത്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ റാലിയായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. ഇവരെ സുരക്ഷ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. തുടര്‍ന്ന്, വസതിയിലേക്ക് തിരിച്ചുപോവാൻ ബിരേന്‍ സിങിനെ അനുയായികൾ നിർബന്ധിച്ചു.