ന്യൂഡൽഹി : ചന്ദ്രയാൻ-3 (Channdrayaan 3) ദൗത്യം വിജയമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച റാഞ്ചി ഹെവി എൻജിനിയറിങ് കോർപറേഷനിലെ (Heavy Engineering Corporation) 3000 ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തത് ചൂണ്ടിക്കാട്ടി ബിനോയ് വിശ്വം എം പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു (Binoy Viswam Writes to PM over Salary Crisis in HEC). എച്ച്ഇസിയിലെ (HEC) പല ജീവനക്കാരും ഇപ്പോൾ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടു. ചന്ദ്രയാൻ-III വിക്ഷേപണത്തറയുടെ (Chandrayaan-III launch pad) നിർമ്മാതാക്കളാണ് ഹെവി എൻജിനീയറിങ് കോർപ്പറേഷൻ.
“കഴിഞ്ഞ 20 മാസമായി ശമ്പളം ലഭിക്കാത്ത ഹെവി എഞ്ചിനീയറിംഗ് കോർപ്പറേഷനിലെ (എച്ച്ഇസി) 3,000-ത്തിലധികം ജീവനക്കാരുടെ ദുരവസ്ഥയെക്കുറിച്ചുള്ള എന്‍റെ ആശങ്ക പ്രകടിപ്പിക്കാനാണ് ഞാൻ ഇത് എഴുതുന്നത്. ഇന്ത്യയുടെ ഏറ്റവും പഴക്കമേറിയതും കഴിവുറ്റതുമായ പൊതുമേഖലാ യൂണിറ്റുകളിലൊന്നാണ് എച്ച്‌ഇസി, ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയിൽ അവർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്, വർഷങ്ങളോളം രാജ്യത്തിന് നിർണായക സേവനവും നൽകിയിട്ടുണ്ട്, ഏറെ ആഘോഷിക്കപ്പെട്ട ചന്ദ്രയാൻ-III വിക്ഷേപണ തറ നിർമ്മിക്കുന്നത് ഉൾപ്പെടെ.” ബിനോയ് വിശ്വം തന്‍റെ കത്തിൽ പറഞ്ഞു.
എച്ച്ഇസിയിലെ ജീവനക്കാർ ഇപ്പോൾ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവരിൽ പലരും തങ്ങളുടെ കുടുംബത്തെ പോറ്റാൻ ഓട്ടോറിക്ഷ ഓടിക്കൽ, തെരുവിൽ കച്ചവടം ചെയ്യൽ തുടങ്ങിയ പാർട്ട് ടൈം ജോലികൾ ഏറ്റെടുക്കാൻ നിർബന്ധിതരായി. ചിലർക്ക് അവരുടെ പ്രൊവിഡന്‍റ് ഫണ്ട് ഉപയോഗിച്ച് വായ്‌പയെടുക്കേണ്ടി വന്നിട്ടുണ്ട്. മുഴുവൻ സമയ ചെയർമാനും മാനേജിംഗ് ഡയറക്ടറും ഇല്ലാത്തതുൾപ്പടെ നിരവധി കാരണങ്ങളാണ് ശമ്പളം വൈകുന്നതിന് കാരണമെന്നും ബിനോയ് വിശ്വം പറഞ്ഞു.