കേരളം

kerala

ETV Bharat / bharat

ഗൂഗിള്‍ മാപ്പ് നോക്കി ബൈക്കോടിച്ച് പുഴയില്‍ വീണു ; ഒഴുക്കില്‍പ്പെട്ട യുവാക്കളെ കാണാതായി, തെരച്ചില്‍ ഊര്‍ജിതം - news updates

ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കള്‍ക്കായി തെരച്ചില്‍. ബൈക്കിലുണ്ടായിരുന്ന രണ്ട് പേരെയാണ് കാണാതായത്. ഒരാള്‍ നീന്തി രക്ഷപ്പെട്ടു.

google map  ഗൂഗിള്‍ മാപ്പ് നോക്കി ബൈക്കോടിച്ചത് പുഴയിലേക്ക്  ഒഴുക്കില്‍പ്പെട്ട യുവാക്കളെ കാണാതായി  ഹസാരിബാഗ്  ബെഗബാദില്‍ നിന്ന് ഹസാരിബാഗിലേക്കുള്ള യാത്ര  ജാര്‍ഖണ്ഡ് വാര്‍ത്തകള്‍  ജാര്‍ഖണ്ഡ് പുതിയ വാര്‍ത്തകള്‍  news updates  latest news
ഒഴുക്കില്‍പ്പെട്ട യുവാക്കളെ കാണാതായി

By

Published : Jul 3, 2023, 11:01 PM IST

റാഞ്ചി : ജാര്‍ഖണ്ഡില്‍ ഗൂഗിള്‍ മാപ്പ് നോക്കി ബൈക്കില്‍ സഞ്ചരിക്കവെ പുഴയില്‍ വീണ യുവാക്കളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. രണ്ട് പേരെയാണ് കാണാതായത്. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. ഹസാരിബാഗ് സ്വദേശികളായ ആനന്ദ് ചൗരസ്യ, മനീഷ്‌ മേത്ത, ശങ്കര്‍ കുമാര്‍ മേത്ത എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

ആനന്ദ് ചൗരസ്യ, മനീഷ്‌ മേത്ത എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ശങ്കര്‍ കുമാര്‍ മേത്ത നീന്തി കരയ്‌ക്ക് കയറുകയായിരുന്നു. ഗിരിദഹിലെ ബര്‍ഗണ്ടയിലെ പഴയ പാലത്തിന് സമീപം ഞായറാഴ്‌ചയാണ് (ജൂലൈ 2) സംഭവം. ബെഗബാദില്‍ നിന്ന് ഹസാരിബാഗിലേക്കുള്ള യാത്രയ്‌ക്കിടെയാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്.

വഴി അറിയാതിരുന്നതിനെ തുടര്‍ന്ന് യുവാക്കള്‍ ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെയാണ് സഞ്ചരിച്ചത്. എന്നാല്‍ ഗിരിദിഹ് മേഖലയിലെത്തിയപ്പോള്‍ ഗൂഗിള്‍ മാപ്പ് രണ്ട് വഴികളാണ് കാണിച്ചത്. അതില്‍ ഒരു വഴിയിലൂടെ സഞ്ചരിച്ച് അല്‍പം മുന്നോട്ട് ചെന്നപ്പോഴാണ് ഒഴുക്കുള്ള ഉസ്രി നദിയിലേക്ക് ബൈക്ക് മറിഞ്ഞത്. മഴക്കാലമായതിനാല്‍ പുഴ കരകവിഞ്ഞൊഴുകുകയാണ്.

ബൈക്ക് പുഴയിലേക്ക് മറിഞ്ഞതോടെ ശങ്കറാണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആനന്ദും മനീഷും ഒഴുകി പോവുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഖണ്ഡോലി പൊലീസും മുഫാസില്‍ പൊലീസും സ്ഥലത്തെത്തി തെരച്ചിലിന് നേതൃത്വം നല്‍കി.

ഖണ്ഡോലി പൊലീസ് സ്റ്റേഷൻ ഇന്‍ ചാര്‍ജ് രാംനാരായണ ചൗധരിയും മുഫാസിൽ പോലീസ് സ്റ്റേഷൻ ഇൻചാർജ് കമലേഷ് പാസ്വാനും സ്ഥലത്ത് കേന്ദ്രീകരിക്കുന്നുണ്ട്. ഖണ്ഡോലിയില്‍ നിന്ന് മുങ്ങല്‍ വിദഗ്‌ധരെത്തി തെരച്ചിലില്‍ പങ്കാളികളായി.

ഞായറാഴ്‌ച ഏറെ നേരം തെരച്ചില്‍ നടത്തിയിട്ടും യുവാക്കളെ കണ്ടെത്താതിനെ തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.

ഗൂഗിള്‍ മാപ്പിന്‍റെ വഴി കാണിക്കലില്‍ അപകടത്തില്‍പ്പെട്ടവര്‍ നിരവധി : ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിച്ച് പുഴയിലേക്കും ജലാശയങ്ങളിലേക്കും മറിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്. എന്നാല്‍ വഴിയറിയാത്ത കല്‍നട യാത്രക്കാരെയും ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ച് അപകടത്തില്‍പ്പെടുത്താറുണ്ട്. ഏതാനും ദിവസം മുമ്പ് ഇടുക്കി തൊടുപുഴയില്‍ നിന്ന് പുറത്തുവന്ന വാര്‍ത്ത ഇതിന് ഉദാഹരണമാണ്.

ഇടുക്കിയിലെ മലയിഞ്ചി കീഴാര്‍കൂത്ത് വെള്ളച്ചാട്ടം കാണാന്‍ എറണാകുളത്ത് നിന്ന് എത്തിയ സംഘത്തിലെ യുവാവ് ഗൂഗിള്‍ മാപ്പ് നോക്കി നടന്ന് ഒടുക്കം വീണത് 30 അടി താഴ്‌ചയിലെ കൊടും കാട്ടിലേക്ക്. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ യുവാവാണ് അപകടത്തില്‍പ്പെട്ടത്. പാറക്കെട്ടിലേക്ക് ചെന്ന് വീണ യുവാവിന്‍റെ തലയ്‌ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു.

എറണാകുളത്ത് നിന്ന് മലയിഞ്ചിയിലെത്തിയ സംഘം ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. വെള്ളച്ചാട്ടത്തിലേക്കുള്ള എളുപ്പ വഴിയാണ് ഗൂഗിള്‍ മാപ്പില്‍ കാണിച്ചത്. ആനക്കൂട്ടം വിഹരിക്കുന്ന കൊടും കാട്ടിലൂടെയായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്. വിവരമറിഞ്ഞ് കരിമണ്ണൂര്‍ പൊലീസും അഗ്‌നി ശമന സേനയും സ്ഥലത്തെത്തി.

പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ 30 അടി താഴ്‌ചയിലേക്ക് വീണ് പരിക്കേറ്റ യുവാവ് അനങ്ങാനാകാതെ കിടക്കുകയായിരുന്നു. പൊലീസും അഗ്‌നി ശമന സേനയും നാട്ടുകാരും ചേര്‍ന്ന് നാല് മണിക്കൂര്‍ നേരം തുടര്‍ന്ന പരിശ്രമത്തിനൊടുവിലാണ് യുവാവിനെ ആശുപത്രിയിലെത്തിക്കാനായത്.

ABOUT THE AUTHOR

...view details