മധുര:ഉത്തരേന്ത്യൻ കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് തമിഴ്‌നാടിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ബിഹാർ യൂട്യൂബർ മനീഷ് കശ്യപിനെ ദേശീയ സുരക്ഷ നിയമപ്രകാരം (എൻഎസ്‌എ) കസ്‌റ്റഡിയിലെടുത്തു. മധുര ജില്ല പൊലീസാണ് ഡിറ്റൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. മധുര ജില്ല ക്രൈംബ്രാഞ്ച് പൊലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
തമിഴ്‌നാട്ടിൽ കുടിയേറ്റ തൊഴിലാളികളെ ആക്രമിച്ചതിന്‍റെ വ്യാജ വീഡിയോ പ്രചരിച്ചത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. മനീഷിന്‍റെ അറസ്‌റ്റ് കഴിഞ്ഞ മാസം തന്നെ ബിഹാർ പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ തമിഴ്‌നാട്ടിൽ നിലനിൽക്കുന്ന കേസിലെ ബാക്കി നടപടികൾക്കായാണ് പ്രത്യേക അന്വേഷണ സംഘം ബിഹാറിൽ നിന്ന് മനീഷിനെ അറസ്‌റ്റ് ചെയ്‌തത്. നിലവിൽ തമിഴ്‌നാട് ജയിലിലാണ് മനീഷ് ഉള്ളത്.
യൂട്യൂബർ പ്രചരിപ്പിച്ച വ്യാജ വീഡിയോകൾ ജനങ്ങൾക്കിടയിലുള്ള സമാധാനവും സാഹോദര്യവും തകർക്കുന്നു എന്ന് തമിഴ്‌നാട് പൊലീസ് സർക്കാരിനെ അറിയിച്ചു. തമിഴ്‌നാട് ട്രാൻസിറ്റ് റിമാൻഡ് വഴിയാണ് മനീഷിനെ ജുഡീഷ്യൽ കസ്‌റ്റഡിയിലെടുത്തത്. ഇപ്പോൾ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള പ്രതിയെ ഏപ്രിൽ 19 വരെ തടങ്കലിൽ വയ്ക്കാൻ ഉത്തരവിട്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ ഇടിവി ഭാരതിനോട് പറഞ്ഞു.
തടങ്കലിനെതിരെ മദ്രാസ് ഹൈക്കോടതിയുടെ പ്രിവന്‍റീവ് ഡിറ്റൻഷൻ അഡ്വൈസറി ബോർഡിൽ അപ്പീൽ നൽകേണ്ടിവരും. എൻഎസ്‌എ പ്രകാരം തടങ്കലിന്‍റെ പരമാവധി കാലയളവ് 12 മാസം ആയിരിക്കും. കൂടാതെ സർക്കാരിന് ശക്തമായ തെളിവുകൾ സമർപ്പിക്കാൻ കഴിഞ്ഞാൽ ഒരു വര്‍ഷത്തേക്ക് കൂടി തടങ്കൽ നീട്ടാവുന്നതാണ്.