ഷിയോഹർ (ബിഹാർ): പ്രദേശവാസിയായ യുവാവിനോട് സംസാരിച്ചതിന്‍റെ പേരിൽ ഭർതൃവീട്ടുകാർ മർദിച്ചെന്നും മരത്തിൽ കെട്ടിയിട്ടെന്നുമുള്ള പരാതിയുമായി യുവതി. ബിഹാർ ജില്ലയിലെ ഷിയോഹറിലാണ് യുവതിക്കുനേരെ ക്രൂര ആക്രമണം. സ്വഭാവദൂഷ്യം ആരോപിച്ച് ആള്‍ക്കൂട്ടത്തിന് മുന്‍പാകെ നിര്‍ത്തി ആക്ഷേപിച്ച് അർധനഗ്നയാക്കിയാണ് ആക്രമിച്ചതെന്നും ഇക്കഴിഞ്ഞ ജൂലൈ 30ന് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു.
Bihar | പ്രദേശവാസിയോട് സംസാരിച്ചതിന് യുവതിയെ മര്‍ദിച്ചു, മരത്തില്‍ കെട്ടിയിട്ടു; ഭർതൃവീട്ടുകാർക്കെതിരെ കേസ് - ഭർത്യവീട്ടുകാരുടെ ആക്രമണം
യുവതിക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ചാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു
സംഭവവുമായ് ബന്ധപ്പെട്ട് ഭർതൃവീട്ടുക്കാരുള്‍പ്പെടെ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു. തന്‍റെ ഭർത്താവ് മദ്യത്തിനടിമയാണെന്നും അതിനാൽ താന്‍ മാതാപിതാക്കളുടെ കൂടെയാണ് താമസിക്കുന്നതെന്നും യുവതി പരാതിയിൽ പറയുന്നു. ജൂലൈ 27ന് ഭർതൃവീട്ടിലേക്ക് പോയപ്പോള്‍ പ്രദേശവാസിയായ യുവാവിനോട് സംസാരിച്ചിരുന്നു. ഇതറിഞ്ഞ യുവതിയോട് ബഹളംവയ്‌ക്കുകയും തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതായും യുവതി പറയുന്നു.
തുടർന്ന് ഭർത്താവിന്‍റെ മാതാപിതാക്കളും സഹോദരനുമുള്‍പ്പെടെ ക്രൂരമായി മർദിക്കുകയും ഒരു രാത്രി മുഴുവന്‍ പ്ലാവിൽ കെട്ടിയിട്ട് ആക്രമിക്കുകയും ചെയ്‌തു. പിറ്റേ ദിവസം പഞ്ചായത്ത് യോഗം ചേർന്ന് തന്നെ മുതിർന്നവരുടെ മുന്നിൽവച്ച് അപമാനിച്ചതായും അർധനഗ്നയാക്കിയതായും യുവതി പറഞ്ഞു. തന്‍റെ 2,000 രൂപയും ആഭരണങ്ങളും തട്ടിയെടുത്തെന്നും യുവതി പരാതിപ്പെട്ടു. അവശയായ യുവതി സർദാർ ആശുപത്രിയിൽ ചികിത്സതേടുകയും ശേഷം ജൂലൈ 30ന് ഭർതൃവീട്ടുക്കാർക്കെതിരെ പരാതി നൽകുകയുമായിരുന്നു.