നളന്ദ : മൂന്ന് വയസുകാരൻ 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു. ബിഹാറിലെ നളന്ദയിലെ കുൽ ഗ്രാമത്തിൽ താമസിക്കുന്ന ശിവം കുമാർ എന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. കൃഷി ആവശ്യത്തിനായി ഒരു കർഷകൻ നിർമിച്ച കുഴൽക്കിണർ അടയ്ക്കാത്തതാണ് ദാരുണമായ അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ശിവനൊപ്പം കളിക്കുന്ന കുട്ടികൾ മാതാപിതാക്കളെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. നഗർ പഞ്ചായത്ത് നളന്ദ വൈസ് പ്രസിഡന്‍റ് നളിൻ മൗര്യയുടെ നേതൃത്വത്തിലാണ് നടപടികള്‍.
'പ്രദേശത്തെ കർഷകൻ കൃഷി ആവശ്യത്തിനായി ജലം ശേഖരിക്കുന്നതിനാണ് ഈ കുഴൽക്കിണർ ഉണ്ടാക്കിയത്. എന്നാൽ ഇതിൽ നിന്നും മതിയായ ജലം ലഭിക്കാതിരുന്നതോടെ മറ്റൊരു കുഴൽക്കിണർ കുഴിച്ചിരുന്നു. അതേസമയം പഴയ കിണർ അടച്ചിരുന്നില്ല. ഈ കിണറിലാണ് കളിക്കുന്നതിനിടെ കുട്ടി വീണത്' - പൊലീസ് പറഞ്ഞു.
ഒരു കുട്ടി കുഴൽക്കിണറിൽ വീണതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. കുട്ടിയെ രക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) രക്ഷാപ്രവർത്തകരും ഉടനെ സംഭവസ്ഥലത്തെത്തും. കുട്ടി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, അവന്‍റെ ശബ്‌ദം നമുക്ക് കേൾക്കാം. ശംഭു മണ്ഡൽ സർക്കിൾ ഓഫിസർ സിൽവ പറഞ്ഞു.
ഓക്‌സിജൻ നൽകി കുട്ടിയെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുക്കാൻ ജെസിബി എത്തിച്ചിട്ടുണ്ട്. കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ദിനേശ് കുമാർ സിങ് പറഞ്ഞു. സംഭവത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥനെയും അറിയിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് വിവരമറിഞ്ഞ് നിരവധി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
അടുത്തിടെ, മധ്യപ്രദേശിലെ വിദിഷയിലെ കജാരി ബർഖേദ ഗ്രാമത്തിൽ 20 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിയെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ച പെൺകുട്ടി മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. ജൂലൈ 18ന് രാവിലെ 10 മണിയോടെയാണ് അസ്‌മിത വീട്ടുമുറ്റത്തെ കിണറിലേക്ക് വീണത്. കളിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് പെൺകുട്ടി അപകടത്തില്‍പ്പെട്ടത്. സംഭവത്തിന് പിന്നാലെ കുട്ടിക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മറ്റ് കുട്ടികള്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു.
ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘം എന്‍ഡിആര്‍എഫുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. കുഴല്‍ കിണറിനുള്ളില്‍ കുട്ടിയ്‌ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കുകയാണ് സംഘം ആദ്യം ചെയ്‌തത്. ശേഷം കുഴല്‍ കിണറിന് സമീപം ജെസിബി ഉപയോഗിച്ച് സമാന്തരമായി കുഴിയെടുത്ത് മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഘം കുട്ടിയെ പുറത്തെടുത്തത്.
ALSO READ :Borewell Accident | കുഴല്‍ കിണറില്‍ വീണ 2 വയസുകാരിയെ രക്ഷപ്പെടുത്തി ; പുറത്തെടുത്തത് 7 മണിക്കൂറിന് ശേഷം
നേരത്തെ ജൂൺ 6 ന് സമാനമായ സംഭവത്തിൽ മധ്യപ്രദേശിലെ സെഹോർ ജില്ലയിൽ 300 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ് രണ്ടര വയസുള്ള പിഞ്ചുകുഞ്ഞിന് ജീവൻ നഷ്‌ടപ്പെട്ടു. വിജയകരമായി രക്ഷപ്പെടുത്തിയ പെൺകുട്ടി പിന്നീട് ശ്വാസം മുട്ടലിനെ തുടര്‍ന്ന് മരിച്ചു.