ദർഭംഗ: സ്വിറ്റ്‌സർലൻഡിൽ നിന്നെത്തിച്ച് ബംഗ്ലാദേശിലേക്ക് കടത്താന്‍ ശ്രമിച്ച 1.25 കോടി രൂപയുടെ സ്വർണ ബിസ്‌ക്കറ്റുകള്‍ പിടികൂടി. ബിഹാറിലെ ദർഭംഗ ജില്ലയിലെ രാജെ ടോൾ പ്ലാസയിൽ ബിഹാർ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) സംഘവും പൊലീസും ചേര്‍ന്ന് നടത്തിയ ഓപറേഷനിലാണ് അറസ്റ്റ്. സംഭവത്തില്‍ രണ്ട് കിലോ സ്വർണം ഉൾപ്പെടെ രണ്ട് പേരാണ് പിടിയിലായത്.
മുസാഫർപൂർ ഡിആർഐ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് റെയ്‌ഡ് നടത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. രണ്ട് പ്രതികളും ദർഭംഗ സ്വദേശികളാണെന്നാണ് ലഭിക്കുന്ന സൂചന. കൂടുതല്‍ പ്രതികളെ കണ്ടെത്താൻ ഡിആർഐ സംഘം അന്വേഷണം ആരംഭിച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആർഐ ഉദ്യോഗസ്ഥർ മുസാഫർപൂർ, ദർഭംഗ - പൂർണിയ ദേശീയ പാതകളില്‍ വാഹനങ്ങൾ പരിശോധിക്കുകയായിരുന്നു.
ഇതിനിടെയാണ് രാജെ ടോൾ പ്ലാസയിൽ സംശയാസ്‌പദമായ സാഹചര്യത്തിൽ കാർ കണ്ടെത്തുകയും തുടർന്ന് ഡിആർഐ സംഘം വാഹനത്തിനുള്ളില്‍ തെരച്ചിൽ നടത്തുകയും ചെയ്‌തത്. കാറിനുള്ളിൽ നിർമിച്ച പ്രത്യേക അറയിൽ നിന്നുമാണ് സ്വർണ ബിസ്‌ക്കറ്റുകൾ കണ്ടെടുത്തത്. പിടിച്ചെടുത്ത ബിസ്‌ക്കറ്റിൽ സ്വിറ്റ്‌സർലൻഡ് എന്ന് എഴുതിയിട്ടുണ്ട്. ഒരു കോടി 25 ലക്ഷം രൂപയാണ് ഇതിന്‍റെ വിലയെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇതോടെ കാറിൽ സഞ്ചരിച്ച രണ്ടുപേരെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രണ്ട് പ്രതികളെയും വെള്ളിയാഴ്‌ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
5.53 കോടിയുടെ സ്വര്‍ണം പിടിച്ചു:ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച ഒമ്പത് കിലോ 700 ഗ്രാം സ്വര്‍ണം ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) പിടികൂടി. വിപണിയില്‍ 5.53 കോടി രൂപ വില വരുന്ന സ്വര്‍ണമാണ് സെക്കന്ദരാബാദ്, ശ്രീകാകുളം റെയിൽവേ സ്‌റ്റേഷനുകളില്‍ നിന്നായി പിടികൂടിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരെ പിടികൂടിയെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഡിആർഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
READ MORE |ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 10 കിലോയോളം സ്വര്‍ണം പിടികൂടി; അഞ്ചുപേര്‍ പിടിയില്‍
ലഗേജുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ മൂന്നംഗ സംഘം കടത്താന്‍ ശ്രമിച്ച സ്വര്‍ണം മാര്‍ച്ച് ഒമ്പതിനാണ് ഡിആര്‍ഐ പിടിച്ചെടുത്തത്. കൊല്‍ക്കത്തയില്‍ നിന്ന് ഫലക്‌നുമ എക്‌സ്‌പ്രസില്‍ സഞ്ചരിച്ച യാത്രക്കാര്‍ സ്വര്‍ണം കടത്തുന്നതായി ഇന്‍റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇവര്‍ സെക്കന്ദരാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പിടിയിലായത്. ഇക്കഴിഞ്ഞ മാര്‍ച്ച് 11നാണ് സംഭവം.
പ്രാഥമിക പരിശോധനയില്‍ ഇവരില്‍ നിന്ന് ഒന്നും തന്നെ കണ്ടെടുത്തിരുന്നില്ല. എന്നാല്‍ ഇവരില്‍ സംശയം തോന്നിയ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ലഗേജുകള്‍ സൂക്ഷ്‌മ പരിശോധനയ്‌ക്ക് വിധേയമാക്കി. ഇതിനിടെ കണ്ണില്‍പെടാത്ത രീതിയില്‍ ഒളിപ്പിച്ച, ബാഗിന്‍റെ രഹസ്യ അറയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. പിടികൂടിയ 2.3 കിലോഗ്രാം സ്വര്‍ണത്തിന് വിപണിയില്‍ 1.32 കോടി രൂപ വരുമെന്നും പ്രതികളെ പിടികൂടിയെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.