പട്‌ന: ബിഹാർ കൊവിഡ് വാക്‌സിനേഷന് സജ്ജമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ, അൻപത് വയസിന് മുകളിലുള്ളവർ എന്നിവർക്ക് മുൻഗണന നൽകി വാക്‌സിൻ നൽകുമെന്നും കേന്ദ്രം നൽകിയ നിർദേശങ്ങൾ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാർ കൊവിഡ് വാക്‌സിനേഷന് സജ്ജമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ
ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം രണ്ട് വാക്‌സിനുകൾക്ക് അനുമതി നൽകിയിരുന്നു
ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിനും പൂനെയിലെ സെറം ഇൻസിസ്‌റ്റിറ്റ്യൂട്ടിന്‍റെ കൊവി ഷീൽഡിനും അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയതിനെ തുടർന്നാണ് നിതീഷ് കുമാറിന്‍റെ പ്രഖ്യാപനം. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും മുൻകരുതൽ എടുക്കണമെന്നും അദ്ദേഹം അറിയിച്ചു. ബിജെപിയുടെ വാക്‌സിൻ സ്വീകരിക്കില്ലെന്ന സമാജ് പാർട്ടി നേതാവ് അഖിലേഷ് യാദവിന്‍റെ അഭിപ്രായത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അക്കാര്യത്തില്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു നിതീഷ് കുമാറിന്‍റെ മറുപടി.