പട്‌ന :ബിഹാറിലെ മോത്തിഹാരിയില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി. എന്നാല്‍ ഇത് അനൗദ്യോഗിക കണക്കാണ്. 27 പേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി മരണങ്ങള്‍ ഇനിയുമുണ്ടെന്നാണ് വിവരം.
മദ്യം കഴിച്ച് ജില്ലയിലെ വിവിധയിടങ്ങളില്‍ നിരവധി പേര്‍ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്. അതുകൊണ്ട് മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. തുര്‍കൗലി, ഹർസിദ്ധി, സുഗൗളി, രഘുനാഥ്പൂർ, പഹാർപൂർ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്.
തുര്‍ക്കൗലിയയില്‍ വില്‍ക്കുന്ന മദ്യം വാങ്ങി കഴിച്ചവരാണ് ദുരന്തത്തില്‍പ്പെട്ടത്. മരിച്ച ഒന്‍പത് പേരുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ അഞ്ച് കേസുകളിലായി അഞ്ച് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും തിങ്കളാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയില്‍ പൊലീസ് അറിയിച്ചു.
അടുത്തിടെയായി സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ 76 മദ്യക്കടത്തുകാര്‍ പിടിയിലായിട്ടുണ്ട്. 6000 ലിറ്റര്‍ വ്യാജമദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. വ്യാജ മദ്യത്തിന് പുറമെ നിരവധി രാസവസ്‌തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
ജില്ലയിലെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഐഎംഎഫ്എൽ സ്‌പിരിറ്റും 2,220 ലിറ്റർ മറ്റ് രാസവസ്‌തുക്കളും പിടിച്ചെടുത്തു. അതിനിടെ മദ്യദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ധനസഹായം പ്രഖ്യാപിച്ചു. 4 ലക്ഷം രൂപയാണ് നല്‍കുക. ഈ വര്‍ഷം ആദ്യം സാരന്‍ ജില്ലയിലുണ്ടായ സമാന സംഭവത്തില്‍ 72 പേര്‍ മരിച്ചിരുന്നു.