ന്യൂഡൽഹി: പ്രധാനമന്ത്രി പദം ആഗ്രഹിച്ചിട്ടില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2024ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹങ്ങളെയും നിതീഷ് കുമാർ നിഷേധിച്ചു. ഡൽഹിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ പാർട്ടികളും വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളും കോൺഗ്രസും ഒന്നിച്ചാൽ അത് ഒരു വലിയ കാര്യമാണ്. ഞങ്ങൾ ഒരുമിച്ചാണ്. അതിനാലാണ് യെച്ചൂരിയെ കാണാൻ വന്നതെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നിതീഷ് കുമാർ ഡൽഹിയിൽ സന്ദർശിച്ചിരുന്നു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ചും സമാന ചിന്താഗതിക്കാരായ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള സാധ്യതകളെ കുറിച്ചും രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്‌തു.
ബിഹാറിൽ മഹാഗഡ്ബന്ധൻ സർക്കാർ അധികാരത്തിന് വന്നതിന് ശേഷം ആദ്യമായാണ് നിതീഷ് കുമാർ-രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടക്കുന്നത്. കൂടിക്കാഴ്‌ചയിൽ തന്‍റെ സർക്കാരിന് കോൺഗ്രസ് പാർട്ടി നൽകിയ പിന്തുണക്ക് നിതീഷ് കുമാർ രാഹുൽ ഗാന്ധിയോട് നന്ദി പ്രകടിപ്പിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുപാർട്ടികളും തങ്ങളുടെ ചർച്ചകൾ തുടരുമെന്നും വൃത്തങ്ങൾ അറിയിച്ചു.
ഡൽഹി സന്ദർശനത്തിനിടെ കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമിയുമായും നിതീഷ് കുമാർ കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു നിതീഷിന്‍റെ ഡൽഹി സന്ദർശനത്തിന്‍റെ ലക്ഷ്യം.
തെലങ്കാന മുഖ്യമന്ത്രി കെസിആർ ബിഹാർ സന്ദർശിച്ച് രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ചർച്ച നടത്തി ദിവസങ്ങൾക്ക് ശേഷമാണ് നിതീഷ് കുമാറിന്‍റെ പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്‌ച.