പട്‌ന : പ്രതിപക്ഷ ഐക്യം ഭരണകക്ഷിയായ ബിജെപിയെ ഭീതിയിലാക്കിയിട്ടുണ്ടെന്നും അതുതന്നെയാണ് തങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതെന്നും വ്യക്തമാക്കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഹിന്ദുസ്ഥാനി അവാം മോർച്ച സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചി ബിജെപി കൂടാരത്തിലിരുന്ന് പ്രതിപക്ഷ പാർട്ടികള്‍ക്കെതിരെ ചാരവൃത്തി നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനായി നേതൃത്വം നല്‍കുന്നതില്‍ നിലവില്‍ മുന്‍നിരയിലാണ് നിതീഷ് കുമാര്‍.
'ഐക്യത്തില്‍' പ്രതീക്ഷ വച്ച് : മുന്‍ തെരഞ്ഞെടുപ്പുകള്‍ പരിഗണിച്ചാല്‍ നിലവില്‍ ശക്തമായ സാധ്യത നിലനില്‍ക്കുന്നുണ്ട്. കേന്ദ്രത്തില്‍ അധികാരത്തിലുള്ളവര്‍ക്ക് പ്രതിപക്ഷ പാളയത്തില്‍ എന്തെല്ലാമോ നടക്കുന്നുണ്ടെന്ന് മനസിലായിട്ടുമുണ്ട്. ബിജെപിയെ എതിർക്കുന്ന ഒട്ടുമിക്ക പാർട്ടികളുടെയും നേതാക്കൾ ജൂൺ 23-ന് ഇവിടെ ഒത്തുചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാംഗമായ രത്‌നേഷ് സദയെ മന്ത്രിസഭയിലേക്ക് എത്തിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ രാജ്‌ഭവനില്‍ മാധ്യമങ്ങളെ കാണവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. നിതീഷ് മന്ത്രിസഭയില്‍ പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പുകള്‍ വഹിച്ചിരുന്ന മന്ത്രിയും മുന്‍ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ മകനുമായ സന്തോഷ് സുമന്‍റെ രാജിയെ തുടര്‍ന്നാണ് സത്യപതിജ്ഞ ചടങ്ങ് നടന്നത്.
ആരോപണവും മറുപടിയും : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജെഡിയു നേരിട്ട പരാജയത്തിന്‍റെ നാണക്കേട് മറയ്‌ക്കാനായി നിതീഷ് കുമാര്‍, 2014ല്‍ മുഖ്യമന്ത്രിയാവാന്‍ തന്നെ സഹായിച്ചുവെന്ന് ജിതൻ റാം മാഞ്ചി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തന്നോട് രാജിവയ്‌ക്കാന്‍ ആരും ആവശ്യപ്പെട്ടതല്ലെന്നും മനസാക്ഷി മാത്രം പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും നിതീഷ് കുമാര്‍ തിരിച്ചടിച്ചു.