ഹൈദരാബാദ്: കൊവിഡ് ബാധയിൽ ലോകത്ത് ആശങ്ക വർധിക്കുന്നതിനിടെ മരണ സംഖ്യ 1,02,734 കടന്നു. 16,99,631 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 3,76,327 പേർക്ക് രോഗം ഭേദമായി. ഇറ്റലിയിൽ പുതുതായി 570 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ഇറ്റലിയിലെ ആകെ മരണസംഖ്യ 18,800 ആയി ഉയർന്നു.
ലോകത്തെ ഞെട്ടിച്ച് കൊവിഡ്; മരണം 1,02,734 കടന്നു
16,99,631 രോഗ ബാധിതർ. ഇറ്റലിയിൽ 18,800, സ്‌പെയനിൽ 15,800, ബ്രിട്ടണിൽ 9,000 എന്നിങ്ങനെയാണ് മരണസംഖ്യ. അമേരിക്കയിൽ വെള്ളിയാഴ്‌ച മാത്രം മരിച്ചത് 205 പേർ.
സ്‌പെയ്‌നിൽ 605 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 15,800 ആയി ഉയർന്നു. രണ്ടാഴ്‌ചയായി ഇവിടെ മരണസംഖ്യ കുറഞ്ഞുവരുന്നു എന്നാണ് റിപ്പോർട്ട്. തിങ്കളാഴ്‌ച മുതൽ ഫാക്‌ടറികളും നിർമാണ മേഖലകളും പുനരാരംഭിക്കുമെന്ന് സ്‌പെയിൻ ഭരണകൂടം അറിയിച്ചു. എന്നാൽ സ്‌കൂളുകൾ, കടകൾ, മറ്റ് ജോലിസ്ഥാപങ്ങൾ എന്നിവ അടച്ചിടും. രാജ്യം സുരക്ഷിതമാകാതെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. അമേരിക്കയിൽ വെള്ളിയാഴ്‌ച മാത്രം മരിച്ചത് 205 പേരാണ്. ബ്രിട്ടണിൽ 980 പേരാണ് 24 മണക്കൂറിനുള്ളിൽ മരിച്ചത്. 9,000 ത്തോളം പേരാണ് ബ്രിട്ടണിൽ ഇതുവരെ മരിച്ചത്.
ഇറ്റലി, അയർലാൻഡ്, ഗ്രീസ് എന്നീ രാജ്യങ്ങൾ ലോക് ഡൗൺ മെയ് വരെ നീട്ടി. നിയന്ത്രണങ്ങളിൽ അയവുണ്ടാക്കുന്നത് ആപത്ത് ക്ഷണിച്ച് വരുത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകി. ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന ശ്രവങ്ങളിലൂടെയാണ് അധികമായും രോഗം പകരുന്നത്. രോഗലക്ഷണങ്ങൾ മിതമായാണ് പ്രകടമാവുക. പ്രായമായവർക്കും, തുടർച്ചയായ ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്കും രോഗം പെട്ടെന്ന് ബാധിക്കുന്നു. ഇത് മരണത്തിലേക്കും നയിക്കുന്നു.