പാറ്റ്ന:കൊവിഡ് -19നെതിരായ പോരാട്ടത്തിന്‍റെ മുൻനിരയിൽ പ്രവര്‍ത്തിക്കുന്ന ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവരോട് മോശമായി പെരുമാറുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബിഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ.
ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ ഓഫീസർമാർ, സർക്കാർ ഉദ്യോഗസ്ഥർ, മജിസ്‌ട്രേറ്റ്, പൊലീസ് എന്നിവരോട് ആരെങ്കിലും മോശമായി പെരുമാറിയാൽ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ജാതി, മതം എന്നിവ കണക്കിലെടുക്കാതെ ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും- ബിഹാർ ഡിജിപി പറഞ്ഞു. ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച 25 പേരെ ഔറംഗബാദിൽ തടവിലാക്കിയതായും ഡിജിപി അറിയിച്ചു.
ഔറംഗബാദിൽ പിടിയിലായ ഇരുപത്തിയഞ്ച് പേര്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ അതിവേഗ കോടതിയിൽ ഹാജരാക്കും. ഞങ്ങൾ സ്വന്തം ജീവൻ പണയപ്പെടുത്തി നിങ്ങളുടെ ജീവന്‍ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും സാധാരണക്കാരൻ അത് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ബിഹാറിൽ ഇതുവരെ 70 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 29 പേര്‍ സുഖം പ്രാപിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോര്‍ട്ട് ചെയ്ത 941 കൊവിഡ് -19 കേസുകൾ ഉൾപ്പെടെ രാജ്യത്ത് ആകെ 12,380 കൊറോണ വൈറസ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.