ഭുവനേശ്വർ:ഉംപുൻ ചുഴലിക്കാറ്റിനിടെ ഫയർ സർവീസ് വാഹനത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലാണ് സംഭവം.
അമ്മയും നവജാതശിശുവും സുഖമായി ഇരിക്കുന്നതായും ഇരുവരെയും ജില്ലയിലെ മഹാകൽപാഡ സർക്കാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് മാറ്റിയതായും ഡെപ്യൂട്ടി ഫയർ ഓഫീസർ പി കെ ഡാഷ് പറഞ്ഞു. ചുഴലിക്കാറ്റിൽ പെട്ട് ജനകി സേഥി(20) ജാൻഹാര ഗ്രാമത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും ഡാഷ് പറഞ്ഞു.
രാവിലെ എട്ടുമണിയോടെ ദുരിതബാധിതരായ കുടുംബത്തിൽ നിന്ന് സന്ദേശം ലഭിച്ചതായും വഴിയിൽ തടസമായി നിന്നിരുന്ന 22 മരങ്ങൾ പിഴുതുമാറ്റിയാണ് അഗ്നിശമന സേനാംഗങ്ങൾ ഗ്രാമത്തിൽ എത്തി യുവതിയെ രക്ഷപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന ഉണ്ടായി. ആശുപത്രിയില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ വാഹനത്തില്‍ തന്നെ പ്രസവിക്കാനുള്ള സൗകര്യം അധികൃതര്‍ ചെയ്തു കൊടുത്തു.
ഉംപുൻ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 1.25 ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും ബുധനാഴ്ച രാവിലെയും ബാലസോർ പോലുള്ള ചില സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുകയാണെന്നും സ്‌പെഷ്യൽ റിലീഫ് കമ്മിഷണർ (എസ്ആർസി) പി കെ ജെന പറഞ്ഞു.