തമിഴ്നാട്:കടല്ലൂരിലെ ദളിത് വനിത പഞ്ചായത്ത് പ്രസിഡന്‍റിനെ തറയിലിരുത്തി വിവചേനം കാണിച്ചതായി ആരോപണം. കടല്ലൂരിലെ തേർക്കുതിട്ടൈ പഞ്ചായത്തിലാണ് ജൂലായ് 17ന് നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റും ദളിതയുമായ രാജേശ്വരിയെ തറയിലിരുത്തിയത്. സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറി സിന്ധുജയെ പൊലീസ് അറസ്റ്റ് ചെയ്തു. വൈസ് പ്രസിഡന്‍റ് മോഹനരാജ് ഒളിവിലാണ്.
തമിഴ്‌നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്‍റിനെ തറയിലിരുത്തി വിവേചനം
കടല്ലൂരിലെ തേർക്കുതിട്ടൈ പഞ്ചായത്തിലാണ് ജൂലായ് 17ന് നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റും ദളിതയുമായ രാജേശ്വരിയെ തറയിലിരുത്തിയത്
വെള്ളിയാഴ്ചയാണ് സമൂഹ മാധ്യമങ്ങളിലൂടെ പഞ്ചായത്ത് യോഗത്തില്‍ രാജേശ്വരി തറയിലിരിക്കുന്ന ചിത്രം പുറത്ത് വന്നത്. രാജേശ്വരിയുടെ പരാതിയില്‍ വൈസ് പ്രസിഡന്‍റ് മോഹനരാജ്, സെക്രട്ടറി സിന്ദുജ എന്നിവർക്ക് എതിരെ ഭുവനഗിരി പൊലീസ് കേസെടുത്തു. സംഭവത്തില്‍ ജില്ല ഭരണകൂടം അന്വേഷണം നടത്തി സിന്ധുജയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ഇതിന് മുൻപ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലും പതാക ഉയർത്താൻ മോഹനരാജ് സമ്മതിച്ചില്ലെന്നും രാജേശ്വരി ആരോപിച്ചു. യോഗങ്ങളില്‍ മറ്റ് എല്ലാ അംഗങ്ങളെയും കസേരയില്‍ ഇരുത്തും. പ്രസിഡന്‍റിന്‍റെ കസേരയില്‍ മോഹനരാജാണ് ഇരിക്കുന്നതെന്നും രാജേശ്വരി പറഞ്ഞു. സംഭവത്തെ ഡിഎംകെ എംപി കനിമൊഴി അപലപിച്ചു. കുറ്റവാളികൾക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും കനിമൊഴി ആവശ്യപ്പെട്ടു. കടല്ലൂർ കലക്ടർ ശേഖർ സഖമുരി, എസ്.പി എം.ശ്രീ അഭിനവ് എന്നിവർ തേർക്കുതിട്ടൈ സന്ദർശിച്ച് രാജേശ്വരിയുടെ മൊഴിയെടുത്തു.