ന്യൂഡല്‍ഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 83,347 പേര്‍ക്ക്. ഇന്നലെ മാത്രം 1,085 പേരാണ് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 56 ലക്ഷം (5,646,011) പിന്നിട്ടു. ഇതില്‍ 45.87 ലക്ഷം പേരും രോഗമുക്തി നേടി. നിലവില്‍ 9.68 ലക്ഷം ജനങ്ങള്‍ മാത്രമാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 90,020 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ഇന്നലെ 9.53 ലക്ഷം സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 6.62 കോടി സാംപിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആര്‍ അറിയിച്ചു.
ലോകത്ത് പ്രതിദിന രോഗബാധയിലും മരണനിരക്കിലും ഏറെ ദിവസങ്ങളായി ഇന്ത്യയാണ് മുന്നിലുളളത്. രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുളള അമേരിക്കയില്‍ ഇന്നലെ 35,696 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 969 പേര്‍ മരിച്ചു. ഇന്ത്യ കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്തുളള ബ്രസീലില്‍ ഇന്നലെ 35,252 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 809 ആണ് ബ്രസീലില്‍ ഇന്നലത്തെ മരണനിരക്ക്. രാജ്യത്ത് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുളളത്.