ശ്രീനഗർ: ജമ്മു കശ്‌മീർ താഴ്‌വരയിലെ ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിൽ, ടൂർ ഓപ്പറേറ്റർമാർ കൊവിഡ് വ്യാപനത്തിനിടയിലും വരാനിരിക്കുന്ന ശൈത്യകാലത്തേക്കായി ഒരുങ്ങുന്നു. കൊവിഡ് കേസുകൾ കേന്ദ്രഭരണ പ്രദേശത്ത് സാവധാനം കുറഞ്ഞുവരുന്നതിനാൽ, കശ്‌മീരിൽ ടൂറിസം പ്രവർത്തനങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ടൂർ ഓപ്പറേറ്റർമാർ.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടൂറിസ്റ്റുകളെ സ്വീകരിക്കാനൊരുങ്ങി കശ്‌മീർ - കൊവിഡ് മാനദണ്ഡങ്ങൾ
കൊവിഡ് വ്യാപനം സാവധാനം കുറയുന്ന സാഹചര്യത്തിൽ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കശ്‌മീർ തയ്യാറാണെന്നാണ് ടൂർ ഓപ്പറേറ്റർമാർ പറയുന്നത്.
നിലവിലെ സാഹചര്യം 'പുതിയ സാധാരണയിൽ നിന്ന് സാധാരണ നിലയിലേക്ക്' മാറണമെന്നാണ് ആഗ്രഹിക്കുന്നതെന്നും തങ്ങൾ ടൂറിസം വകുപ്പുമായി പ്രവർത്തിക്കുന്നുണ്ടെന്നും റോഡ്ഷോകളിലും വ്യാപാര മേളകളിലും പങ്കെടുത്ത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്നും ടൂർ ഓപ്പറേറ്ററായ ഷൗക്കത്ത് പറഞ്ഞു.
എല്ലാ കൊവിഡ് ആരോഗ്യ പ്രോട്ടോക്കോളുകളും പാലിച്ച് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാൻ കശ്‌മീർ തയ്യാറാണെന്ന് ടൂറിസം ഡയറക്‌ടർ നിസാർ അഹ്മദ് വ്യക്തമാക്കി. അതേസമയം, താഴ്‌വരയിലെ ഗുൽമാർഗ് പോലുള്ള സ്ഥലങ്ങളിലെ ആളുകളും വിനോദസഞ്ചാര പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കശ്‌മീരിലെ ടൂർ ഓപ്പറേറ്ററായ നസീർ ഷാ പറഞ്ഞു. അടുത്തിടെ, മഹാരാഷ്‌ട്രയിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാർ ജമ്മു കശ്‌മീർ ടൂറിസം വകുപ്പിന്‍റെ പിന്തുണയോടെ 'അൺലോക്ക് കശ്‌മീർ ടൂറിസം കാമ്പെയ്ൻ' ആരംഭിച്ചിരുന്നു. എഴുപതോളം ട്രാവൽ ഓപ്പറേറ്റർമാരും മുംബൈയിൽ നിന്നുള്ള ചില എഴുത്തുകാരും പത്രപ്രവർത്തകരും ഇക്കാര്യത്തിനായി കശ്‌മീർ സന്ദർശിക്കുകയും ചെയ്‌തിരുന്നു. അതേസമയം നിലവിൽ ജമ്മു കശ്‌മീരിൽ 5,700 സജീവ കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.