ബെംഗളൂരു:രാജ്യത്ത് ഡാറ്റ സുരക്ഷാ നിയമം ഉടന്‍ പ്രാബല്യത്തിലാക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ്. ഡാറ്റ സമ്പദ്‌വ്യവസ്ഥയുടെ വലിയ കേന്ദ്രമായി ഇന്ത്യയെ മാറ്റാന്‍ സര്‍ക്കാര്‍ ശ്രദ്ധാലുക്കളാണെന്നും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നത് ഡാറ്റകളായിരിക്കുമെന്നും രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി. അന്താരാഷ്‌ട്ര വാണിജ്യത്തെ നയിക്കാനും ഇതിന് ശേഷിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെംഗളൂരു ടെക് ഉച്ചകോടിയെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഡാറ്റ സമ്പദ്‌വ്യവസ്ഥയുടെ മികച്ച കേന്ദ്രമായി കര്‍ണാടക മാറുന്നുവെന്നത് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് രവി ശങ്കര്‍ പ്രസാദ് അഭ്യര്‍ഥിച്ചു. കര്‍ണാടക സര്‍ക്കാര്‍, ഇന്നവേഷന്‍ ആന്‍റ് ടെക്‌നോളജി സൊസൈറ്റി, വിഷന്‍ ഗ്രൂപ്പ്, ബയോ ടെക്‌നോളജി, സ്റ്റാര്‍ട്ടപ്പ് , സോഫ്‌റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്കുകളും കൂടി സംയുക്തമായി പ്രതിനിധീകരിച്ച ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌ത് സംസാരിച്ചു. നവംബര്‍ 19 മുതല്‍ 21 വരെയാണ് ഉച്ചകോടി നടക്കുന്നത്.
ഡാറ്റ സുരക്ഷാ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് രവി ശങ്കര്‍ പ്രസാദ്
ബെംഗളൂരു ടെക് ഉച്ചകോടിയെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ്. നവംബര്‍ 19 മുതല്‍ 21 വരെയാണ് ഉച്ചകോടി നടക്കുന്നത്.
കൊവിഡ് കാലത്ത് ഇന്ത്യയുടെ കമ്മ്യൂണിക്കേഷൻ മേഖല ഏഴ് ശതമാനത്തിലധികം വളര്‍ച്ച നേടിയെന്നും പ്രധാന ആഗോള കമ്പനികളില്‍ നിന്നും നിക്ഷേപം നേടിയെന്നും ഐടി മന്ത്രി സൂചിപ്പിച്ചു. ആഗോള കമ്പനികള്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് 11കോടിയോളം ഇന്ത്യയില്‍ നിക്ഷേപിക്കുന്നതാണെന്നും മൊബൈലുകളും സാമഗ്രികളും നിര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ 7 കോടി കയറ്റുമതിക്ക് മാത്രമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
ചൈനയില്‍ നിന്നും ആപ്പിളിന്‍റെ 9 കേന്ദ്രങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റുമെന്നും ബെംഗളൂരുവില്‍ ആപ്പിള്‍ കമ്പനി കയറ്റുമതിക്കായി മൊബൈലുകളുടെ നിര്‍മാണം ആരംഭിച്ചെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. ഐടി മേഖലയില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇന്ത്യ നേടിയ വളര്‍ച്ചയില്‍ ബെംഗളൂരുവിന് വലിയ പങ്കുണ്ടെന്നും ഐടി മന്ത്രി എടുത്തു പറഞ്ഞു.