ഡൽഹി : ഇരുപത് സൈനികരുടെ വീരമൃത്യുവിന് കാരണമായ ലഡാക്കിലെ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി എന്തു കൊണ്ടാണ് ഇതേക്കുറിച്ചു പ്രതികരിക്കാതിരിക്കുന്നതെന്നും എന്താണ് പ്രധാനമന്ത്രി മറച്ചു വെക്കാൻ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ചൈനക്കെതിരെയും രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയത്. ഇന്ത്യയുടെ സൈനികരെ കൊല്ലാനും രാജ്യത്തിന്‍റെ മണ്ണ് കയ്യേറാനും ചൈനക്ക് എങ്ങനെ ധൈര്യം വന്നുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ലഡാക്ക് സംഘർഷം: പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രാഹുല്‍ ഗാന്ധി
ചൈനക്കെതിരെയും രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയത്. ഇന്ത്യയുടെ സൈനികരെ കൊല്ലാനും രാജ്യത്തിന്‍റെ മണ്ണ് കയ്യേറാനും ചൈനക്ക് എങ്ങനെ ധൈര്യം വന്നുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കേണൽ ഉൾപ്പെടെ ഇരുപത് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ചൈനീസ് നിരയിലും കനത്ത ആൾനാശമുണ്ടായി എന്നാണ് വിവരം. അതിർത്തി ഭേദിച്ച് ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് കേറിയതോടെയാണ് സംഘർഷമുണ്ടായത്. അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലാണ് ഈ മേഖലയിലെ അതിർത്തിയിൽ ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ വിഷയത്തില്‍ ഉന്നതതല ചർച്ച നടത്തിയതായും കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികളെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
1967 ൽ നാഥു ലയിൽ നടന്ന ഏറ്റുമുട്ടലിന് ശേഷം ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. അന്ന് ഇന്ത്യക്ക് 80 സൈനികരെ നഷ്ടപ്പെട്ടു.