ലക്നൗ: അതിഥി തൊഴിലാളികളുടെ മടക്കയാത്രയെച്ചൊല്ലി കോൺഗ്രസും യുപി സർക്കരും തമ്മിലുള്ള രാഷ്ട്രീയപ്പോര് മുറുകുന്നു. അതിഥി തൊഴിലാളികളെ മടക്കി അയക്കുന്നതിനായി ഏർപ്പാടാക്കിയ ബസുകൾക്ക് യാത്രാനുമതി ലഭിക്കാത്ത സാഹചര്യത്തിൽ, മെയ് 20 വൈകിട്ട് നാല് വരെ ഉത്തർപ്രദേശ് അതിർത്തിയിൽ തങ്ങൾ തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഇത് സംബന്ധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറി സന്ദീപ് സിംഗ് ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) അവാനിഷ് അവസ്തിക്ക് കത്ത് നൽകി.
യു.പിയില്‍ കോണ്‍ഗ്രസ് - സര്‍ക്കാര്‍ പോര് ശക്തം
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കായി ഏർപ്പാടാക്കിയ 1000 ബസുകൾക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ അതിർത്തിയിൽ തുടരുമെന്നറിയിച്ച് കോൺഗ്രസ് നേതാക്കൾ
സഹായം എത്തിക്കുന്ന തങ്ങളോട് യുപി സർക്കാർ മോശമായി പെരുമാറുന്നതായി കോൺഗ്രസ് ആരോപിച്ചു. ബസുകൾ വേണമെന്നാവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തിയ നേതാക്കളെ അതിർത്തിയിൽ നിന്നും പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെതിരേയും പ്രിയങ്ക ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറിക്കെതിരെയും ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു.
ലോക്ക് ഡൗൺ കാലത്ത് ആവശ്യമായ രേഖകൾ ഒന്നും സമർപ്പിക്കാത്തതിനാലാണ് കോൺഗ്രസ് ഏർപ്പാടാക്കിയ ബസുകൾക്ക് അനുമതി ലഭിക്കാത്തതെന്ന് പൊലീസ് അറിയിച്ചു. അതിഥി തൊഴിലാളികളെ മടക്കി അയക്കാൻ കോൺഗ്രസ് ഏർപ്പാടാക്കിയ 1000 ബസുകൾക്കുള്ള അനുമതി യോഗി ആദിത്യനാഥ് സർക്കാർ നിഷേധിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമായത്.