ന്യൂഡൽഹി:ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. വലിയ ജനസംഖ്യയുള്ള ഉത്തർപ്രദേശിലെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ കഴിയുന്നില്ലെങ്കിൽ അത് നിങ്ങളുടെ കഴിവില്ലായ്‌മയാണെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ കഴിവുള്ളയാളെ ജനങ്ങൾ തെരഞ്ഞെടുക്കണമെന്നും സിസോദിയ ട്വീറ്റ് ചെയ്‌തു.
യോഗി ആദിത്യനാഥിനെതിരെ മനീഷ് സിസോദിയ - war of words continue
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചതോടെയാണ് നേതാക്കളുടെ വാക്‌പോര് ആരംഭിച്ചത്.
കുട്ടികളുടെ എണ്ണം അഞ്ച് ലക്ഷമോ അഞ്ച് കോടിയോ ആയിക്കോട്ടെ അവർക്ക് ആവശ്യമായ വിദ്യാഭ്യാസം നൽകേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് സിസോദിയയെ അനുകൂലിച്ചു കൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പറഞ്ഞു. സംസ്ഥാനത്ത് അടിസ്ഥാന വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ എണ്ണം ഡൽഹിയിലെ ആകെ ജനസംഖ്യയേക്കാൾ കൂടുതലാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതിന് പിന്നാലെയാണ് സിസോദിയയുടെ വിമർശനം. ഇതേത്തുടർന്ന് ഉത്തർപ്രദേശ് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി സതീഷ് ചന്ദ്ര ദ്വിവേദി കെജ്‌രിവാളിനെയും സിസോദിയയെയും ഉത്തർപ്രദേശിലെ സ്‌കൂളുകൾ സന്ദർശിക്കാൻ ക്ഷണിച്ചു. അതിന് മറുപടിയായി ഡിസംബർ 22ന് താൻ ലക്‌നൗവിലെത്തുമെന്നും അപ്പോൾ ഡൽഹിയിലെയും ഉത്തർപ്രദേശിലെയും വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് ചർച്ച ചെയ്യാമെന്നും സിസോഡിയ അറിയിച്ചു.
2022 ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചതോടെയാണ് ഇരു സംസ്ഥാനത്തെയും നേതാക്കൾ തമ്മിലുള്ള വാക്‌പോര് ആരംഭിച്ചത്.