ന്യൂഡല്‍ഹി; കൊവിഡ് 19 വ്യാപകമായതിനെ തുടർന്ന് ദരിദ്ര ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന ദുരിതങ്ങള്‍ അകറ്റുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 1.7 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന (പ്രധാനമന്ത്രി ദരിദ്ര ജന ക്ഷേമ പദ്ധതി) പ്രകാരം പാവപ്പെട്ട കുടുംബങ്ങള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും നിര്‍മാണ തൊഴിലാളികള്‍ക്കും സംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന ആളുകള്‍ക്കും എല്ലാം ഭക്ഷ്യ ധാന്യങ്ങള്‍ ലഭ്യമാക്കും. രാജ്യത്തെ 80 കോടി ജനങ്ങളേയും തൊഴിലാളികളേയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികളില്‍ കൊവിഡ് 19 ന് എതിയുള്ള യുദ്ധത്തില്‍ പോരാടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം 50 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും.
“ആരും പട്ടിണി കിടക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,'' നിലവിലുള്ള പ്രയാസകരമായ കാലത്തെ അതിജീവിച്ച് മുന്നേറുന്നതിന് സഹായകരമാവുന്ന വിധം ആളുകള്‍ക്ക് നേരിട്ട് പണം നല്‍കുവാനും പദ്ധതിയുണ്ട് എന്ന് കൂട്ടിചേര്‍ത്തുകൊണ്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സമാശ്വാസ പാക്കേജ് പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാര്‍ വൈകി എന്ന വിമര്‍ശനത്തേയും അവര്‍ തള്ളിക്കളഞ്ഞു.
“സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച് 36 മണിക്കൂറുകള്‍ക്കകം തന്നെ ഞങ്ങള്‍ നടപടി എടുക്കുകയും പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു,'' നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
കര്‍ഷകര്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, ദരിദ്രരായ മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, ദരിദ്രരായ ഭിന്നശേഷിക്കാരായ വ്യക്തികള്‍ എന്നിവരടക്കം എട്ട് വിഭാഗങ്ങളില്‍ പെടുന്നവരെ പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ധനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കായുള്ള ജന്‍ധന്‍ അക്കൗണ്ടുള്ളവരായ 20 കോടി പേരെയും, ഉജ്ജ്വല പദ്ധതി പ്രകാരം ഇളവുകളോടെ പാചക വാതക ലഭിക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളായ 8.2 കോടി പേരെയും, സ്വയം സഹായ സംഘങ്ങളിലെ (എസ്എച്ച്ജികള്‍) 63 ലക്ഷം പേരെയും, രജിസ്റ്റര്‍ ചെയ്ത 3.5 കോടി നിര്‍മാണ തൊഴിലാളികളേയും, എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇപിഎഫ്ഒ) രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടിത മേഖലയിലെ നാല് കോടി ജീവനക്കാരേയും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ, വൈദ്യ പരിശോധനകള്‍ നടത്തുന്നതിനും കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജില്ലാ മിനറല്‍ വെല്‍ഫെയര്‍ ഫണ്ട് ഉപയോഗപ്പെടുത്തുവാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍.
കൊവിഡിനോട് പോരാടുന്നവര്‍ക്ക്50ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിങ്ങനെ വിനാശകാരിയായ ഈ വൈറസിനെതിരെ പോരാടുന്ന എല്ലാ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും 50 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളായിരിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവരെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്ന് ധനമന്ത്രി പറഞ്ഞു.
80കോടി ജനങ്ങള്‍ക്ക് ഭക്ഷണം
പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന പദ്ധതി പ്രകാരം 80 കോടി ജനങ്ങള്‍ അല്ലെങ്കില്‍ രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് പേരില്‍ ഒരാള്‍ പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം പരിരക്ഷ ലഭിക്കുന്ന നിര്‍ധന കുടുംബങ്ങളിലെ ഓരോ വ്യക്തിക്കും പ്രതിമാസം അഞ്ച് കിലോഗ്രാം ഗോതമ്പ് അല്ലെങ്കില്‍ അഞ്ച് കിലോഗ്രാം അരി (അവരുടെ ഇഷ്ടപ്രകാരം) മൂന്ന് മാസത്തേക്ക് സൗജന്യമായി ലഭിക്കും. ഇതിന് പുറമെ, ഓരോ നിര്‍ധന കുടുംബങ്ങള്‍ക്കും അടുത്ത മൂന്ന് മാസത്തേക്ക് അതാത് മേഖലകളില്‍ നല്‍കി വരുന്ന, അതില്‍ അവര്‍ ആഗ്രഹിക്കുന്ന പരിപ്പിനങ്ങള്‍ ഒരു കിലോ വീതം സൗജന്യമായി ലഭിക്കും. നിലവില്‍ അവകാശപ്പെട്ട സൗജന്യങ്ങള്‍ക്ക് പുറമേയാണ് അധികമായി നല്‍കുന്ന ഈ സൗജന്യ ഗോതമ്പ്, അരി, പരിപ്പിനങ്ങള്‍ എന്നിവ.
രാജ്യത്ത് കൊവിഡ് മൂലം ഉണ്ടായിരിക്കുന്ന പ്രത്യാഘാതങ്ങള്‍ നേരിടുന്നതിനായി പ്രധാനമന്ത്രി ഗരീബ് കല്ല്യാന്‍ യോജന പ്രകാരം നിര്‍ധനരായ ആളുകള്‍ക്ക് നല്‍കുന്ന ഈ ആശ്വാസ നടപടികളില്‍ രണ്ട് ഭാഗങ്ങള്‍ ഉണ്ട്. ഡയറക്ട് ബെനഫിറ്റ് ഓഫ് ട്രാന്‍സ്‌ഫേഴ്‌സ് സ്‌കീം (ഡിബിടി) പ്രകാരം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നിക്ഷേപിക്കല്‍, സൗജന്യമായി അധിക ഭക്ഷണ സാധനങ്ങള്‍ നല്‍കല്‍ എന്നിവയാണ് പ്രഖ്യാപിച്ച രണ്ട് ഇനങ്ങള്‍.
പ്രധാനമന്ത്രി കര്‍ഷക ക്ഷേമ നിധി
കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ അല്‍പ്പം പണം എത്തിക്കുന്നതിനായി പ്രധാനമന്ത്രി കര്‍ഷക ക്ഷേമ നിധി ഗുണഭോക്താക്കളായിട്ടുള്ള 8.69 കോടി പേര്‍ക്ക് 2000 രൂപ ആദ്യ ഗഡു എന്ന നിലയില്‍ നേരിട്ട് ഉടനെ കൈമാറും എന്ന് ധനമന്ത്രി പറഞ്ഞു. 2000 രൂപയുടെ ഈ ഗഡു അടുത്ത മാസം തന്നെ ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും.
തൊഴിലുറപ്പ് പദ്ധതി വേതനം കൂട്ടി
തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികള്‍ക്ക് വലിയ ആശ്വാസം നല്‍കി കൊണ്ട് സര്‍ക്കാര്‍ അവരുടെ വേതന നിരക്ക് ഏതാണ്ട് 11 ശതമാനം വര്‍ധിപ്പിച്ച് 182 രൂപയില്‍ നിന്നും 202 രൂപയായി ഉയര്‍ത്തി. 20 രൂപയാണ് ഇവിടെ വര്‍ധന. ഈ പദ്ധതിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതാണ്ട് അഞ്ച് കോടി കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഇത് ഗുണകരമാകും.
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഏതാണ്ട് 2000 രൂപ അധിക വരുമാനമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
നിര്‍ധനരായ മുതിര്‍ന്ന പൗര്‍ന്മാര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ആശ്വാസം
മൂന്ന് കോടി വരുന്ന മുതിര്‍ന്ന പൗരന്മാര്‍, ദരിദ്രരായ വിധവകള്‍, ദരിദ്രരായ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 1000 രൂപ വീതം അധിക ക്ഷേമമായി ഒറ്റത്തവണ നല്‍കും. അടുത്ത മൂന്ന് മാസങ്ങളിലായി രണ്ട് തവണയായാണ് ഈ 1000 രൂപ നല്‍കുക.
സ്ത്രീകള്‍ക്കുള്ള ജന്‍ധന്‍ അക്കൗണ്ട്