മുംബൈ: മയക്കുമരുന്ന് കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ കെനിയൻ വനിതയെ ഡല്‍ഹി പൊലീസിന്‍റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. 7.50 കിലോഗ്രാം ഹെറോയിന്‍ കൈവശം വെച്ച കേസില്‍ മറിയം എലിയാസ് മ്വേക്കിനെയാണ് സെപ്റ്റംബര്‍ 29ന് മുംബൈ നളസുപര ഈസ്റ്റില്‍ നിന്നും അറസ്റ്റ് ചെയ്തത്. 2018 ജൂണ്‍ 25നാണ് കേസിനാസ്പദമായ സംഭവം. മുംബൈയില്‍ താവളമടിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ ഡല്‍ഹി പൊലീസിന്‍റെ പ്രത്യേക സംഘം പിടികൂടിയിരുന്നു.
മയക്കുമരുന്ന് കേസില്‍ പിടികിട്ടാപ്പുള്ളിയായ കെനിയന്‍ വനിത അറസ്റ്റില്‍
7.50 കിലോഗ്രാം ഹെറോയിന്‍ കൈവശം വെച്ച കേസിലാണ് മറിയം എലിയാസ് മ്വേക്കിന്‍ അറസ്റ്റിലായത്.
പിടിയിലായവരില്‍ മയക്കുമരുന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കിയിരുന്ന സംഘത്തിലെ ആഫ്രിക്കന്‍ വംശജരായിരുന്നു എക്നി, മറിയം, മാര്‍ട്ടിന്‍ എന്നിവര്‍. 7.50 കിലോഗ്രാം ഹെറോയിനും ഇവരില്‍ നിന്ന് പിടികൂടിയിരുന്നു. എന്നാല്‍ 2019 ജനുവരിയില്‍ ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ മറിയം ഒളിവില്‍ പോയി. തുടര്‍ന്ന് മറിയത്തെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. മറിയത്തിനായി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുംബൈയില്‍ നിന്നുള്ള അറസ്റ്റ്.
2016ല്‍ മൂന്ന് മാസത്തേക്കുള്ള ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയ മറിയം വിസാ കാലാവധി അവസാനിച്ചിട്ടും മടങ്ങിയിരുന്നില്ല. പിന്നീട് ഡല്‍ഹിയിലെ സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തമായി മയക്കുമരുന്ന് സംഘവും രൂപീകരിച്ചു. ഡല്‍ഹി എന്‍സിആര്‍, ഹരിയാന, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ ഹെറോയിൻ വിതരണവും നടത്തി വരികയായിരുന്നു. അഫ്ഗാന്‍ പൗരന്മാരില്‍ നിന്നും ഇവര്‍ വിതരണത്തിനായി ഹെറോയില്‍ വാങ്ങിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.