മഹാരാഷ്ട്ര: പാകിസ്ഥാനെ ആക്രമിക്കാൻ കഴിയുന്ന ഒരു പ്രധാനമന്ത്രിക്ക് വേണ്ടിയാണ് ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ഔറംഗബാദിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കവേയാണ് ഉദ്ധവ് താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീർ വിഷയത്തിൽ ആർട്ടിക്കിൾ 370 മായി ബന്ധപ്പെട്ട് കോൺഗ്രസ് സ്വീകരിച്ച നിലപാടുകളെ താക്കറെ വിമര്‍ശിച്ചു. കശ്മീരിലെ എല്ലാ നിയമങ്ങളും ഇന്ത്യയുമായും ബന്ധപ്പെട്ടതാണ്. ആർട്ടിക്കിൾ 370 റദ്ദാക്കാന്‍ കോൺഗ്രസ് താൽപര്യപ്പെടുന്നില്ല. ഇത് റദ്ദാക്കിയാൽ ത്രിവർണ്ണ പതാകയെ ബഹുമാനിക്കുന്ന ആരും കശ്മീരിലുണ്ടാകില്ലെന്ന് കശ്മീർ നേതാക്കളായ മെഹബൂബ മുഫ്തിയും ഫാറൂഖ് അബ്ദുള്ളയും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും താക്കറെ പറഞ്ഞു.
ശിവസേന- ബിജെപി സഖ്യം; കാരണം വെളിപ്പെടുത്തി ഉദ്ധവ് താക്കറെ - ഉദ്ധവ് താക്കറെ
കശ്മീർ വിഷയത്തിൽ ആർട്ടിക്കിൾ 370 മായി ബന്ധപ്പെട്ട് കോൺഗ്രസ് സ്വീകരിച്ച നിലപാടുകളെ ഉദ്ധവ് താക്കറെ വിമർശിച്ചു.
ബിഹാറിലെ ബെഗുസരായില്‍ നിന്ന് സിപിഐ ടിക്കറ്റിൽ മത്സരിക്കുന്ന ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്‍റ് കനയ്യ കുമാറിനെതിരെയും താക്കറെ വിമര്‍ശനം ഉന്നയിച്ചു. കനയ്യ വിഘടനവാദിയാണെന്നും ഇത്തരത്തിലൊരാൾ ലോക്സഭയിലേക്ക് മത്സരിക്കുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി-ശിവസേന സഖ്യത്തിനെതിരെ പ്രസ്താവനയിറക്കിയ എൻസിപി നേതാവ് ശരത് പവാറിനുളള മറുപടിയും താക്കറെ നല്‍കി. അവസാനം വരെ കോൺഗ്രസിൽ ചേരില്ലെന്ന് പറഞ്ഞ ശരത്പവാർ പിന്നീട് കോൺഗ്രസിൽ ചേർന്നു. അങ്ങനെയുളള ഒരാള്‍ക്ക് ബിജെപി-ശിവേസേന സഖ്യം നല്ലതല്ലെന്ന് എങ്ങനെ പറയാനാകുമെന്നും ഉദ്ധവ് താക്കറെ ചോദിച്ചു.