ലഖ്‌നൗ:സംസ്ഥാനത്ത് അതിഥി തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതിനായി മൈഗ്രേഷൻ കമ്മിഷൻ രൂപീകരിക്കാൻ തീരുമാനിച്ചതായി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ ലോക്ക്ഡൗൺ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൈഗ്രേഷൻ കമ്മിഷൻ രൂപീകരിക്കാൻ നിർദ്ദേശിച്ചതായി അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി പറഞ്ഞു.സംസ്ഥാന സർക്കാരിന്‍റെ ശ്രമഫലമായി ഇതുവരെ 23 ലക്ഷം തൊഴിലാളികളും കുടിയേറ്റക്കാരുമാണ് സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങിയത്.
അതിഥി തൊഴിലാളികൾക്ക് ഇൻഷൂറൻസ് നൽകണമെന്നും ഇതിലൂടെ അവരുടെ ജീവിതം സുരക്ഷിതമാക്കണമെന്നും തൊളിലാളികൾക്ക് തൊഴിൽ സുരക്ഷ ലഭിക്കുന്നതിനായി ഒരു പദ്ധതി തയ്യാറാക്കണമെന്നും ആദിത്യനാഥ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.കുടിയേറ്റ തൊഴിലാളികളുടെ നൈപുണ്യ മാപ്പിംഗ് നടത്താൻ അദ്ദേഹം നേരത്തെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.