ലക്‌നൗ: കര്‍ഷകരെ സംബന്ധിച്ചിടത്തോളം രത്‌ന ഖനി പോലെയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഒരിക്കല്‍ കൃഷി ചെയ്താല്‍ പിന്നെ 25 വര്‍ഷത്തോളം വിളവെടുത്ത് ലാഭം ഉണ്ടാക്കാം. കേള്‍ക്കുമ്പോള്‍ അസാധാരണമായി തോന്നാമെങ്കിലും സത്യം അതാണ്. ഇത് ഞങ്ങള്‍ പറയുന്ന കാര്യമല്ല. ഡ്രാഗണ്‍ ഫ്രൂട്ട് വിളവെടുപ്പ് നടത്തുന്ന കര്‍ഷകരില്‍ നിന്നു തന്നെ നേരിട്ട് കേട്ട കാര്യമാണ്. ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ നിന്നും നേട്ടം കൊയ്ത കര്‍ഷകര്‍ ചൂണ്ടി കാണിക്കുന്നത് ഇന്ത്യയേയും അതുവഴി നമ്മുടെ കര്‍ഷകരേയും സ്വയം പര്യാപ്തരാക്കാനാവുന്ന ഒരു വഴിയാണ്. കര്‍ഷകരുടെ വാക്കുകളില്‍ നിന്നു തന്നെ നമുക്കിനി ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ കഥ കേള്‍ക്കാം!
വിപണി കീഴടക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഡ്രാഗണ്‍ ഫ്രൂട്ട് ഒരു ഇന്ത്യന്‍ ഫലമല്ല. അത് ഒരു വിദേശ ഫലമാണ്. സൂപ്പര്‍ ഫ്രൂട്ട് എന്ന പേരിലും അത് അറിയപ്പെടുന്നു. തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ഇസ്രയേല്‍, ശ്രീലങ്ക, മറ്റ് മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിങ്ങനെ നിരവധി രാജ്യങ്ങളില്‍ ഇത് വന്‍ തോതില്‍ കൃഷി ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യയിലെ ചില ഇടങ്ങളിലും ഇതിന്‍റെ കൃഷി ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയില്‍ വളരെ വലിയ തോതില്‍ തന്നെ ഡ്രാഗണ്‍ ഫ്രൂട്ട് വിളവെടുപ്പ് നടന്നു വരുന്നുണ്ട്.
ഇളം ചുവപ്പ് നിറമുള്ള ഡ്രാഗണ്‍ ഫ്രൂട്ട് കാണാന്‍ വളരെ അധികം ഭംഗിയാണ്. നല്ല രുചിയുള്ളതുമാണ് ഈ ഫലം. വിദേശ രാജ്യങ്ങളില്‍ ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാരേയേറെയാണ്. വിപണിയില്‍ ഒരു കിലോഗ്രാമിന് 300 മുതല്‍ 400 രൂപ വരെ ഇതിന് ലഭിക്കുക. വളരെ അധികം ആരോഗ്യദായകമാണ്. നല്ല വില കൂടിയ പഴമായതിനാല്‍ കര്‍ഷകര്‍ക്കും നല്ല വരുമാനമാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ കൂടുതല്‍ കര്‍ഷകര്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിലേക്ക് കടന്നുവരുന്നുണ്ട്.
രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിക്കാന്‍ ആരംഭിച്ചതോടു കൂടി ഡ്രാഗണ്‍ ഫ്രൂട്ടിനുള്ള ആവശ്യകത പെട്ടെന്ന് വര്‍ധിച്ചു. രോഗ പ്രതിരോധ ശേഷി ഫലപ്രദമായ രീതിയില്‍ കൂട്ടാന്‍ കഴിയുന്ന ഒട്ടേറെ പോഷക ഘടകങ്ങള്‍ ഡ്രാഗണ്‍ ഫ്രൂട്ടിനുണ്ട്. ഹൃദ്രോഗങ്ങള്‍ക്കും പ്രമേഹത്തിനും വാതത്തിനും ഒക്കെ വളരെ ഗുണകരമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. കാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ക്കും ഇത് വളരെ ഗുണം ചെയ്യുമെന്നും കണ്ടെത്തിയിട്ടുണ്ട്. വൈറ്റമിന്‍ സി ധാരാളമായുണ്ട് ഡ്രാഗണ്‍ ഫ്രൂട്ടില്‍. ഇവ വയറിനകത്ത് രൂപം കൊള്ളുന്ന അപകടകാരികളായ ബാക്ടീരിയകളെ തുടച്ചു നീക്കുമെന്നും പറയുന്നു. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ശരീരത്തിലെ കോശങ്ങള്‍ക്കും എല്ലാം ഇത് ഫലം ചെയ്യുന്നു. നിരവധി ഗുണഫലങ്ങള്‍ ഉള്ള ഒരു പഴ വര്‍ഗമാണിത്. അതുകൊണ്ടു തന്നെയാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ കൃഷി അതിവേഗം രാജ്യത്ത് വളര്‍ന്നു കൊണ്ടിരിക്കുന്നത്.