ന്യൂഡൽഹി/ ലക്‌നൗ: 14 വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പൊലീസ് കോൺസ്റ്റബിളിന് ജീവപര്യന്തം. ഉത്തർപ്രദേശ് പൊലീസ് കോൺസ്റ്റബിളായ അതീഖ് അഹമ്മദിനെതിരെയാണ് ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ അന്നത്തെ ഡെപ്യൂട്ടി എസ്‌പി ഇനായത് ഉല്ലാഹ് ഖാന് അഞ്ച് വർഷത്തെ തടവും 50,000 രൂപ പിഴയും ചുമത്തി.
14 വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ പൊലീസുകാരന് ജീവപര്യന്തം - ഉത്തർപ്രദേശ്
ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് ഉത്തർപ്രദേശ് പൊലീസ് കോൺസ്റ്റബിളായ ആതീഖ് അഹമ്മദിനെതിരെ ഒരു ലക്ഷം രൂപ പിഴയും ജീവപര്യന്തം ശിക്ഷയും വിധിച്ചത്.
2011 ഡിസംബർ 20നാണ് സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. നാല് പേർക്കെതിരെ കേസ് ഫയൽ ചെയ്‌തെങ്കിലും രണ്ട് പേർക്കാണ് ശിക്ഷ വിധിച്ചതെന്ന് സിബിഐ വക്താവ് ആർ.കെ ഗോർ വ്യക്‌തമാക്കി. കോൺസ്റ്റബിൾമാരായ ശിവകുമാർ, ഉമാ ശങ്കർ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഫെബ്രുവരി 24നാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷയുടെ കാലാവധി വെള്ളിയാഴ്‌ചയാണ് അറിയിച്ചത്.
2011 ജൂലൈ പത്തിന് പെൺകുട്ടിയുടെ അമ്മ നിഗാസൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എരുമയ്‌ക്ക് തീറ്റ കൊടുക്കാൻ വയലിൽ പോയ കുട്ടിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ മരത്തിൽ തൂങ്ങിയ നിലയിലാണ് കണ്ടത്. പെൺകുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടതായും ആത്മഹത്യയല്ല ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. പ്രാഥമിക അന്വേഷണം നടത്തിയ സിബി-സിഐഡി അതീഖ് അഹമ്മദിനെതിരെ കൊലപാതകം, ബലാത്സംഗം എന്നീ കേസുകളും ശിവകുമാറിനും ഉമാ ശങ്കറിനും എതിരെ തെളിവ് നശിപ്പിക്കലിനും കേസ് ഫയൽ ചെയ്‌തിരുന്നു.