ലക്‌നൗ: മാനസികമായി വെല്ലുവിളി നേരിടുന്ന യുവാവ് സഹോദരിയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 20കാരനായ ഗൗരവ് പ്രജാപതിയെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്‌തു. ഗൗരവിന്‍റെ ഭക്ഷണം ആറ് വയസുള്ള സഹോദരി തട്ടി തെറിപ്പിച്ചതിനെ തുടർന്നുണ്ടായ മനോവിഷമമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഞായറാഴ്ച ഉച്ചയോടെ സിക്കന്തരബാദ് പ്രദേശത്തെ കൃഷിയിടത്തിൽ നിന്ന് പ്രദേശവാസികൾ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് ഇളയ സഹോദരിയെ കൊലപ്പെടുത്തി - മാനസിക വൈകല്യം
യുവാവിനെതിരെ ഐ.പി.സി 304 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
അനിയത്തി ഭക്ഷണം തെറിപ്പിച്ച സംഭവത്തിന് ശേഷം ഇളയ സഹോദരന്മാരായ സൗരഭ് (11), ബിട്ടു (7), ആറുവയസുള്ള സഹോദരി എന്നിവരോടൊപ്പം ഞായറാഴ്ച രാവിലെ 11 മണിയോടെ ഗൗരവ് കൃഷിയിടത്തിലേക്ക് പോയി. ഖജൂർ (ഒരു തരം ഈത്തപ്പഴം) കഴിക്കാൻ എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. അൽപസമയം കഴിഞ്ഞപ്പോൾ സഹോദരങ്ങളോട് വീട്ടിലേക്ക് മടങ്ങാൻ ഗൗരവ് ആവശ്യപ്പെട്ടു. കുട്ടികൾ വിമുഖത പ്രകടിപ്പിച്ചെങ്കിലും ഗൗരവ് ഭീഷണിപ്പെടുത്തിയപ്പോൾ അവർ പോയി. പിന്നീട് ഏകദേശം രണ്ടര മണിയോടെ ഗൗരവ് സഹോദരിയുടെ മുഖത്ത് ആവർത്തിച്ച് തല്ലാൻ തുടങ്ങി. ഒടുവിൽ പെൺകുട്ടി കൊല്ലപ്പെട്ടുവെന്നും ബുലന്ദ്‌ഷഹർ സീനിയർ പൊലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പറഞ്ഞു.
ഇന്ത്യൻ പീനൽ കോഡിലെ 304 വകുപ്പ് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി എസ്എസ്പി അറിയിച്ചു. തുടർ നടപടികൾ പുരോഗമിക്കുകയാണ്.