ലക്‌നൗ: പിതാവിന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി തന്നെ പാലിക്കപ്പെടണമെന്നും സംസ്ഥാനത്ത് നിന്ന് കൊവിഡിനെ പൂർണമായും നീക്കം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ പിതാവിന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് യോഗി ആദിത്യനാഥ്
ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ ജനങ്ങളോട് നീതി പുലർത്തണം. അതിനാൽ പിതാവിന്‍റെ മരണാനന്തര ചടങ്ങുകളിൽ താൻ പങ്കെടുക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു
അദ്ദേഹത്തിന്‍റെ വേർപാടിൽ വളരെയധികം വേദനയുണ്ട്. സത്യസന്ധത, കഠിനാധ്വാനം, നിസ്വാർഥ സേവനം എന്നിവയുടെ മൂല്യങ്ങൾ കുട്ടിക്കാലം മുതൽ തന്നെ പിതാവിൽ നിന്നാണ് പഠിച്ചത്. അവസാനമായി അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ ജനങ്ങളോട് നീതി പുലർത്തണം. അതിനാൽ ഏപ്രിൽ 21ന് നടക്കുന്ന ചടങ്ങുകളിൽ താൻ പങ്കെടുക്കില്ലെന്ന് യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
കോച്ചിംഗ് ഹബ് കോട്ടയിൽ നിന്ന് മടങ്ങിയെത്തിയ ഉത്തർപ്രദേശിലെ വിദ്യാർഥികളെ അവരുടെ വീടുകളിൽ നിരീക്ഷണത്തിന് വിധേയമാക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടക്കുമ്പോഴാണ് മുഖ്യമന്ത്രി മരണവാർത്ത അറിയുന്നത്. എന്നാൽ ചർച്ച അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായില്ല. പിതാവിന്‍റെ അന്ത്യകർമങ്ങളിൽ അടുത്ത ബന്ധുക്കൾ മാത്രം ഉണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗി ആദിത്യനാഥിന്‍റെ പിതാവ് ആനന്ദ് സിംഗ് ബിഷ്‌ത് ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഡൽഹിയിലെ എയിംസിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ അന്ത്യകർമങ്ങൾ നാളെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടക്കും.