ന്യൂഡൽഹി: കൊവിഡ് ഇതര ആശുപത്രികളിലെ ജീവനക്കാരുടെ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (പിപിഇ) ഉപയോഗത്തെക്കുറിച്ചുള്ള മാർഗ നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് സാധ്യത കുറഞ്ഞതും, കൂടിയതുമായ വിഭാഗങ്ങളിൽ പിപിഇ എങ്ങനെ ഉപയോഗിക്കണം എന്നതിനെ കുറിച്ചാണ് നിർദേശങ്ങൾ. ആരോഗ്യപ്രവർത്തകരെ വൈറസ് ബാധയിൽ നിന്ന് സംരക്ഷിക്കാനാണ് പിപിഇ നിർമിച്ചിരിക്കുന്നത്. കണ്ണട, ഫെയ്‌സ്-ഷീൽഡ്, മാസ്‌ക്, കയ്യുറകൾ, ഗൗൺ, ഹെഡ് കവർ, ഷൂ കവർ എന്നിവയാണ് സംരക്ഷണ ഉപകരണങ്ങൾ.
ഹെൽപ്പ് ഡെസ്‌ക്, ഡോക്‌ടറുടെ മുറി, ഫാർമസി എന്നിവ അപകടസാധ്യത കുറഞ്ഞ വിഭാഗത്തിൽപ്പെടുന്നു. ഇത്തരം വിഭാഗങ്ങളിൽ മെഡിക്കൽ മാസ്‌കും, പരിശോധന ഗ്ലൗസുകളും ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, കൈയ്യുറകൾക്ക് മുകളിൽ ഹാൻഡ് സാനിറ്റൈസർ പതിവായി ഉപയോഗിക്കുക എന്നിങ്ങനെയാണ് മന്ത്രാലയത്തിന്‍റെ നിർദേശം. കൊവിഡ് ഇതര ആശുപത്രികളിലെ വാർഡുകളും, സ്വകാര്യ മുറികളും അപകടസാധ്യത കുറഞ്ഞ വിഭാഗങ്ങളിൽ പെടുന്നു.
ദന്ത, ഇഎൻടി, നേത്രരോഗ വിഭാഗം ഡോക്‌ടമാർ, പ്രീ-അനസ്തെറ്റിക് പരിശോധനാ ക്ലിനിക്കുകൾ എന്നിവ മിതമായ അപകടസാധ്യതയുള്ള വിഭാഗമാണ്. ഇവിടങ്ങളിൽ എൻ-95 മാസ്‌ക്, കണ്ണടകൾ, കയ്യുറകൾ എന്നിവ ഉപയോഗിക്കണം. കൊവിഡ് രോഗലക്ഷണങ്ങൾ കാണിക്കുന്ന രോഗികൾക്ക് തുടക്കം മുതൽ തന്നെ പ്രത്യേകം ചികിത്സ നൽകണം. ഇത് വൈറസ് പകരുന്ന സാഹചര്യം കുറക്കാൻ സഹായിക്കും. ഐസിയു, പ്രസവ മുറി, ഓപ്പറേഷൻ തിയറ്ററുകൾ എന്നിവ മിതമായ അപകടസാധ്യത മേഖലകളാണ്.
ഐസിയുകളിൽ മെഡിക്കൽ മാസ്‌കുകളും, കയ്യുറകളും ഉപയോഗിക്കണം. സാമ്പിളുകൾ പരിശോധിക്കുന്ന ലബോറട്ടറികൾ, റേഡിയോ ഡയഗ്നോസിസ്, ബ്ലഡ് ബാങ്ക് തുടങ്ങിയവ മിതമായ അപകടസാധ്യത വിഭാഗങ്ങളാണ്. ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങളിലാണ് പിപിഇയുടെ എല്ലാ ഉപകരണങ്ങളും ഉപയോഗിക്കേണ്ടത് എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശം. ഗുരുതരമായ ശ്വാസകോശ രോഗികളെ എത്തിക്കുന്ന ആംബുലൻസുകൾ, അത്യാഹിത വിഭാഗങ്ങൾ എന്നിവ അപകടസാധ്യത കൂടിയ വിഭാഗത്തിൽപ്പെടുന്നു. അണുബാധ തടയുന്നതിൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും രോഗികളും അവരുടെ കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്ന നിർദേശം എല്ലാ ആശുപത്രികളും പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.