ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ ജെഎൻയു മുൻ വിദ്യാര്‍ഥി ഉമര്‍ഖാലിദിനും രണ്ട് ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ഥികൾക്കുമെതിരെ യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ്. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നവരും അതിനെ എതിർക്കുന്നവരും തമ്മില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്ക് കിഴക്കൻ ഡല്‍ഹിയിലുണ്ടായ വ്യാപക അക്രമങ്ങളില്‍ 53 പേർ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ഡല്‍ഹി കലാപം; ഉമര്‍ ഖാലിദിനും രണ്ട് ജാമിയ വിദ്യാര്‍ഥികൾക്കുമെതിരെ യുഎപിഎ - ഡല്‍ഹി പൊലീസ്
ഉമര്‍ഖാലിദിന് പുറമെ ജാമിയ ഏകോപന സമിതിയുടെ മീഡിയ കോർഡിനേറ്ററായ സഫൂറ സർഗാർ, അതിലെ അംഗമായ മീരൻ ഹൈദർ എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്.
കേസുമായി ബന്ധപ്പെട്ട് ജാമിയ ഏകോപന സമിതിയുടെ മീഡിയ കോർഡിനേറ്ററായ സഫൂറ സർഗാർ, അതിലെ അംഗമായ മീരൻ ഹൈദർ എന്നിവരെ ഈ മാസം ആദ്യം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. അതേസമയം ഉമർ ഖാലിദിനെ ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ല. മൂവര്‍ക്കുമെതിരെ കൊലപാതകം, കൊലപാതകശ്രമം, രാജ്യദ്രോഹക്കുറ്റം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒമ്പത് പേരുടെ പേരുകൾ കൂടി എഫ്.ഐ.ആറിലുണ്ടെന്ന് മീരാൻ ഹൈദറിന്‍റെ അഭിഭാഷകൻ അക്രം ഖാൻ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് നിലവില്‍ ഡല്‍ഹി പൊലീസിന്‍റെ സ്‌പെഷ്യല്‍ സെല്ലാണ് അന്വേഷിക്കുന്നത്.