ലക്‌നൗ: പൗരത്വ ഭേദഗതി നിമയത്തിനെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റവരെ സന്ദര്‍ശിക്കാനായി എത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തെ ലക്‌നൗവില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുൻ കേന്ദ്ര റെയിൽവേ മന്ത്രി ദിനേശ് ത്രിവേദി, ലോക്‌സഭ മുൻ എംപി പ്രതിമ മൊണ്ടാൽ, രാജ്യസഭാ എംപിമാരായ അബിർ രഞ്ജൻ ബിശ്വാസ്, നാദിമുൽ ഹക്ക് എന്നിവടങ്ങുന്ന സംഘത്തെയാണ് തടഞ്ഞത്. ഡിസംബര്‍ പത്തൊമ്പതിന് നടന്ന പ്രതിഷേധത്തില്‍ പരിക്കേറ്റവരെ കാണാനായി എത്തിയതായിരുന്നു സംഘം.
തൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തെ ലക്‌നൗവില്‍ തടഞ്ഞു - ലഖനൗവില്‍ പൊലീസ് തടഞ്ഞു
തങ്ങള്‍ വിമാനം ഇറങ്ങിയപ്പോള്‍ തന്നെ പൊലീസ് വളഞ്ഞതായി ദിമുൽ ഹക്ക് സമൂഹ മാധ്യമത്തില്‍ പ്രതികരിച്ചു
തങ്ങള്‍ വിമാനം ഇറങ്ങിയപ്പോള്‍ തന്നെ പൊലീസ് വളഞ്ഞതായി ദിമുൽ ഹക്ക് സമൂഹ മാധ്യമത്തില്‍ പ്രതികരിച്ചു. സംഘം ബസില്‍ കയറിയതോടെ മറ്റ് യാത്രക്കാരെ പൊലീസ് ഇറക്കിവിട്ടു. ഇവിടെ വച്ച് തങ്ങളെ പൊലീസ് റണ്‍വേയിലെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയെന്നും ദിമുല്‍ ഹക്ക് പറഞ്ഞു. ഇന്‍റര്‍നെറ്റ് ഡൗണ്‍ ആയതിനാല്‍ സന്ദേശം വൈകിയേ ലഭിക്കൂവെന്നും ദിമുല്‍ ഹക്ക് പറഞ്ഞു. ഇവരെ സ്വീകരിക്കാന്‍ പോയ സമാജ് വാദി പാര്‍ട്ടി സംഘത്തെയും പൊലീസ് തടഞ്ഞുവച്ചിട്ടുണ്ട്. എംഎൽഎമാരായ നഫീസ് അഹ്മദ്, അരവിന്ദ് സിംഗ്, എംഎൽസിമാരായ രാജ്പാൽ കശ്യപ്, ഉദയവർ സിംഗ് എന്നിവരാണ് സംഘത്തിലുള്ളത്.
തൃണമൂല്‍ സംഘത്തെ കാണാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് നഫീസ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. എന്താണ് തങ്ങള്‍ ചെയ്ത തെറ്റെന്ന് അറിയില്ലെന്നും നഫീസ് അഹമ്മദ് പറഞ്ഞു. എന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാഷ്ട്രീയ നേതാക്കളെ ഇവിടേക്ക് വിടാന്‍ കഴിയില്ലെന്ന് ഡിജിപി ഒപി സിംഗ് പ്രതികരിച്ചു. സംഘത്തെ അടുത്ത വിമാനത്തില്‍ ഡല്‍ഹിയിലേക്കോ കൊല്‍ക്കത്തയിലേക്കോ അയക്കുമെന്നാണ് റിപ്പോര്‍ട്ട്.