ന്യൂഡല്‍ഹി:കോണ്‍ഗ്രസില്‍ അടിയന്തര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍ തുടങ്ങി 23 കോണ്‍ഗ്രസ് നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്. പൂര്‍ണസമയ നേതൃത്വം വേണമെന്ന ആവശ്യമാണ് നേതാക്കള്‍ ഉന്നയിക്കുന്നത്. നാളെ നടക്കാനിരിക്കുന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. പുതിയ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമായ 'വെബ്‌എക്‌സിലൂടെയാണ് കൂടിക്കാഴ്‌ച നടത്തുന്നത്.
നേതൃ പ്രതിസന്ധി പരിഹരിക്കണം; സോണിയ ഗാന്ധിക്ക് നേതാക്കന്മാരുടെ കത്ത്
പ്രവര്‍ത്തകസമിതി യോഗത്തില്‍ ദേശീയ നേതൃത്വം സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന് സൂചന.
നേതൃത്വത്തിലെ അനിശ്ചിതത്വം, പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് എന്നിവ കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലമാക്കുന്നു. പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്നും പൂര്‍ണസമയ നേതൃത്വം പാര്‍ട്ടിക്ക് ആവശ്യമാണെന്നും നേതാക്കള്‍ കത്തില്‍ ഉന്നയിച്ചു. ഉന്നത കൂടിയാലോചന സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കപില്‍ സിബല്‍, ശശി തരൂര്‍, മനീഷ് തിവാരി, വിവേക് തന്‍ക, പ്രവര്‍ത്തക സമിതി അംഗം മുകുള്‍ വാസ്‌നിക്, ജിതിന്‍ പ്രസാദ, മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമായിരുന്ന ഭൂപേന്ദ്രസിങ് ഹൂഡ, രാജേന്ദര്‍ കൗര്‍ ഭട്ടല്‍, വിരപ്പ മൊയ്‌ലി, പൃഥ്വിരാജ് ചവാന്‍, പി.ജെ. കുര്യന്‍, അജയ് സിങ്, രേണുക ചൗധരി, മിലിന്ദ് ദേവ്‌റ, മുന്‍ പി.സി.സി അധ്യക്ഷന്മാരായ രാജ് ബബ്ബര്‍, അര്‍വിന്ദര്‍ സിങ് ലവ്‌ലി, കൗള്‍ സിങ് താക്കൂര്‍, അഖിലേഷ് പ്രസാദ് സിങ്, മുന്‍ ഹരിയാന സ്പീക്കര്‍ കുല്‍ദീപ് ശര്‍മ, മുന്‍ ഡല്‍ഹി സ്പീക്കര്‍ യോഗാനന്ദ് ശാസ്ത്രി, മുന്‍ എംപിയായ സന്ദീപ് ദീക്ഷിത് എന്നിവരാണ് കത്തില്‍ ഒപ്പുവെച്ച പ്രമുഖര്‍.