ചെന്നൈ: ലോക് ഡൗൺ പശ്ചാത്തലത്തിൽ അമ്മ കാന്‍റീനിൽ നിന്ന് കൂടുതൽ പേർക്ക് ഭക്ഷണം നൽകാൻ സാധിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി. ഇതിനായി സര്‍ക്കാരിന് കീഴിലുള്ള അമ്മ കാന്‍റീനുകളിൽ പരിശോധന നടത്തിയ ശേഷം ജീവനക്കാർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ചെന്നൈയിലെ ഫോർഷോർ എസ്റ്റേറ്റിലും കാമരാജ് സാലൈയിലും നടത്തിയ പരിശോധനയിൽ എത്ര ആവശ്യക്കാരുണ്ടെങ്കിലും അവർക്കൊക്കെ ഭക്ഷണം ഒരുക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആവശ്യക്കാർക്ക് അമ്മ കാന്‍റീനിൽ ഊണ് ഒരുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി - tn cm k palaniswami
അമ്മ കാന്‍റീനുകളിൽ പരിശോധന നടത്തിയ ശേഷം ആവശ്യക്കാർക്ക് ഊണ് തയ്യാറാക്കുവാൻ ജീവനക്കാർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു
കൊവിഡിനെതിരെയുള്ള ജാഗ്രതാ നിർദേശത്തിന്‍റെ ഭാഗമായി പാഴ്‌സൽ സേവനങ്ങളും സർക്കാരിന്‍റെ കീഴിലുള്ള കാന്‍റീനുകളും മാത്രമേ പ്രവർത്തിക്കാവൂ എന്ന നിർദേശം ഉണ്ടായിരുന്നു. ഒരു രൂപയ്‌ക്ക് ഇഡ്ഡലി, മൂന്ന് രൂപയ്‌ക്ക് രണ്ട് റൊട്ടികൾ, അഞ്ച് രൂപയ്‌ക്ക് പൊങ്കൽ എന്നീ നിരക്കിലാണ് കാന്‍റീനിൽ ഭക്ഷണം നൽകുന്നത്. എന്നാൽ, ഇനിമുതൽ ആവശ്യക്കാർക്ക് ഊണും തയ്യാറാക്കാനുള്ള തയ്യാറെടുപ്പിലാണ് അമ്മ കാന്‍റീൻ. ഇതിനുപുറമെ, മന്ത്രി ഡി.ജയകുമാറിനും മറ്റ് ഉദ്യോഗസ്ഥർക്കുമൊപ്പം കാന്‍റീനിലെ ആവശ്യവസ്തുക്കളുടെ ലഭ്യതയും ഉറപ്പുവരുത്തിയതായി കെ.പളനിസ്വാമി പറഞ്ഞു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ പേരിലുള്ള അമ്മ കാന്‍റീനിൽ നിന്നും പ്രതിദിനം 4.5ലക്ഷം പേരാണ് ഭക്ഷണം കഴിക്കുന്നത്. തുച്ഛമായ വിലയിൽ നല്ല ആഹാരം ലഭ്യമാക്കുന്ന ഈ സംരംഭം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.