കേരളം

kerala

ETV Bharat / bharat

ഭരണഘടനാ രൂപീകരണത്തിലെ പെൺസാന്നിധ്യം - ഭരണഘടനാ രൂപീകരണത്തിലെ പെൺസാന്നിധ്യം

അംബേദ്‌കറെയും മാർഗനിർദേശികളായ മറ്റ് പുരുഷന്മാരെയും ഭരണഘടനയുടെ നിർമാതാക്കളായി വിശേഷിപ്പിക്കുമ്പോഴും പ്രധാന പങ്കുവഹിച്ച 15 സ്ത്രീസാന്നിധ്യത്തെ ഇവിടെ ഓർമപ്പെടുത്തുകയാണ്

70 Years of Indian Constitution  Constitution Day  women in constitution making  ഭരണഘടനാ രൂപീകരണത്തിലെ പെൺസാന്നിധ്യം  ഇന്ത്യൻ ഭരണഘടന
പെൺസാന്നിധ്യം

By

Published : Nov 27, 2019, 12:01 PM IST

Updated : Nov 27, 2019, 2:24 PM IST

ഇന്ത്യൻ ഭരണഘടനയെന്നത് ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഭരണഘടനകളിലൊന്നാണ്. രണ്ട് വർഷവും 11 മാസവും 18 ദിവസവുമെടുത്താണ് രാജ്യത്തിന്‍റെ നിലനിൽപ്പിന് തന്നെ ആധാരമായ ഭരണഘടന എഴുതി പൂർത്തീകരിച്ചത്.

മതപരമായ സിദ്ധാന്തങ്ങളിൽ നിന്നും വ്യതിചലിച്ച് രാജ്യത്തിന്‍റെ മതേതരത്വത്തെ കാത്തുസൂക്ഷിക്കാൻ ഭരണഘടന സഹായിക്കുന്നു. അതിനോടൊപ്പം തന്നെ എല്ലാ ജാതി-മത-വർഗ വിഭാഗങ്ങൾക്കും സ്വാതന്ത്ര്യത്തോടെ ജീവിതം നയിക്കാനും ഭരണഘടന അനുവാദം നൽകുന്നു.

ഭരണഘടനാ രൂപീകരണത്തിലെ പെൺസാന്നിധ്യം

ഭരണഘടന തയ്യാറാക്കുന്നതിനായി 1946 ജൂലൈ മാസത്തിലാണ് ഭരണഘടനാ അസംബ്ലി രൂപീകരിച്ചത്. അതിൽ ബാബാസാഹേബ് അംബേദ്‌കർ എന്നറിയപ്പെട്ടിരുന്ന ഭരണഘടനയുടെ പിതാവ് ഡോ. ഭീംറാവു റാംജി അംബേദ്‌കറും മാർഗനിർദേശികളായ മറ്റ് പുരുഷാംഗങ്ങളെയും ഭരണഘടനയുടെ നിർമാതാക്കളായി വിശേഷിപ്പിക്കുമ്പോഴും ചിലരെ നാം വിസ്‌മരിക്കുന്നു. ഭരണഘടന നിർമാണത്തിൽ മുഖ്യ പങ്ക് വഹിച്ച 15 സ്ത്രീകളാണ് ഉണ്ടായിരുന്നത്. അവരിൽ തന്നെ ഭരണഘടനയിൽ ഒപ്പു വച്ച സുപ്രാധാനികളായിരുന്നു എട്ട് പേർ.

ഭരണഘടനാ രൂപീകരണത്തിലെ പെൺസാന്നിധ്യം

സുചേത കൃപലാനി, അമ്മു സ്വാമിനാഥൻ, സരോജിനി നായിഡു, വിജയ ലക്ഷ്‌മി പണ്ഡിറ്റ്, ദുർഗഭായ് ദേശ്‌മുഖ്, രാജ്‌കുമാരി അമൃത് കൗർ, ഹൻസ മേഹ്‌ത, ബീഗം ഐസാസ് റസൂൽ, മാലതി ചൗധരി, കമല ചൗധരി, ലീലാ റെയ്, ബെയ്‌ല റെയ് എന്നിവരാണ് ഭരണഘടന തയ്യാറാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ പെൺസാന്നിധ്യങ്ങൾ.


1) സുചേത കൃപ്ലാനി

സുചേത കൃപ്ലാനി

ഹരിയാനയിൽ ജനിച്ച സുചേത കൃപലാനി ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായിരുന്നു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് വേണ്ടിയുള്ള സുചേതയുടെ പോരാട്ടം പ്രശസ്‌തമാണ്. ചന്ദ്ര ഭാനു ഗുപ്തക്ക് ശേഷം ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ അവർ 1967 വരെ പദവി അലങ്കരിച്ചു.

2) അമ്മു സ്വാമിനാഥൻ

അമ്മു സ്വാമിനാഥൻ

കേരളത്തിലെ പാലക്കാട് ജില്ലയിൽ ജനിച്ച അമ്മു സ്വാമിനാഥൻ 1952 ൽ ലോക്സഭയിലേക്കും 1954 ൽ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1946 ൽ മദ്രാസിൽ നിന്ന് ഭരണഘടനാ അസംബ്ലിയുടെ ഭാഗമായി.

3) സരോജിനി നായിഡു

സരോജിനി നായിഡു

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ടിരുന്ന സരോജിനി നായിഡു ഹൈദരാബാദിലാണ് ജനിച്ചത്. ഇന്ത്യയുടെ ഗവർണറായി നിയമിതയായ ആദ്യ ഇന്ത്യൻ വനിതയാണ് സരോജിനി നായിഡു. കൂടാതെ ആദ്യമായി ഒരു വനിത ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രസിഡന്‍റ് സ്ഥാനം അലങ്കരിക്കുന്നതും സരോജിനി നായിഡുവിലൂടെയാണ്.

4) വിജയ ലക്ഷ്‌മി പണ്ഡിറ്റ്

വിജയ ലക്ഷ്‌മി പണ്ഡിറ്റ്

1900 ഓഗസ്റ്റ് 18 ന് അലഹബാദിൽ ജനിച്ച വിജയ ലക്ഷ്‌മി പണ്ഡിറ്റ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്‍റെ സഹോദരിയായിരുന്നു. 1936 ൽ യുണൈറ്റഡ് പ്രവിശ്യയിലെ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1937 ൽ പ്രാദേശിക-സ്വയംഭരണ, പൊതുജനാരോഗ്യ മന്ത്രിയായി. കാബിനറ്റ് മന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വനിതയാണ് വിജയ ലക്ഷ്‌മി പണ്ഡിറ്റ്.

5) ദുർഗബായ് ദേശ്‌മുഖ്

ദുർഗഭായ് ദേശ്‌മുഖ്

1909 ജൂലൈ 15 ന് രാജമുന്ദ്രിയിൽ ജനിച്ച ദുർഗബായ് ദേശ്‌മുഖ് പാർലമെന്‍റിലും ആസൂത്രണ കമ്മീഷനിലും അംഗമായിരുന്നു. ഇന്ത്യയിൽ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിൽ സമഗ്ര സംഭാവന നൽകിയ ദുർഗബായ്ക്ക് 1971 ൽ നാലാമത്തെ നെഹ്‌റു സാക്ഷരതാ പുരസ്‌കാരം ലഭിച്ചു. 1975 ൽ അവർ പത്മവിഭുഷൺ പുരസ്‌കാരത്തിനും അർഹയായി.

6) രാജ്‌കുമാരി അമൃത് കൗർ

രാജ്‌കുമാരി അമൃത് കൗർ

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ 1889 ൽ ജനിച്ച രാജ്‌കുമാരി അമൃത് കൗർ ഇന്ത്യയുടെ ആദ്യത്തെ ആരോഗ്യമന്ത്രിയായിരുന്നു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്‍റെ (എയിംസ്) സ്ഥാപകയായിരുന്ന അവർ പത്തുവർഷമാണ് ആരോഗ്യമന്ത്രി പദവിയിൽ തുടർന്നത്.

7) ഹൻസ മേഹ്‌ത

ഹൻസ മേഹ്‌ത

സാമൂഹ്യ പ്രവർത്തക, പരിഷ്കർത്താവ് എന്നീ നിലകളിൽ അറിയപ്പെടുന്ന അധ്യാപികയും എഴുത്തുകാരിയുമായിരുന്നു ഹൻസ മേഹ്‌ത. ഗുജറാത്തിയിൽ കുട്ടികൾക്കായുള്ള ധാരാളം പുസ്‌തകങ്ങളും എഴുതിയിട്ടുണ്ട്. ഗള്ളിവർ ട്രാവൽസ് ഉൾപ്പെടെ നിരവധി ഇംഗ്ലീഷ് കഥകളും വിവർത്തനം ചെയ്‌തിട്ടുണ്ട്.

8) ബീഗം ഐസാസ് റസൂൽ

ബീഗം ഐസാസ് റസൂൽ

ഇന്ത്യൻ ഭരണഘടന രൂപീകരണത്തിനായി സംഭാവന നൽകിയ ഒരേയൊരു മുസ്ലീം വനിതയാണ് ബീഗം കുദ്‌സിയ ഐസാസ് റസൂൽ. 1952 ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബീഗം കുദ്‌സിയ 1969 മുതൽ 1990 വരെ ഉത്തർപ്രദേശ് നിയമസഭയിൽ അംഗമായിരുന്നു. സാമൂഹ്യപ്രവർത്തനത്തിൽ അനേകം സംഭാവനകൾ നൽകിയ ബീഗത്തെ രാജ്യം 2000ൽ പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു.

9) മാലതി ചൗധരി

മാലതി ചൗധരി

1904 ൽ കിഴക്കൻ ബംഗാളിൽ (ഇന്നത്തെ ബംഗ്ലാദേശ്) ജനിച്ച മാലതി ചൗധരി ഭർത്താവ് നബകൃഷ്ണ ചൗധരിയുമായി ചേർന്നാണ് ഉത്‌കാൽ കോൺഗ്രസ് സമാജ്‌വാദി കർമി സംഘത്തിന് രൂപം നൽകിയത്. പിന്നീട് അഖിലേന്ത്യാ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഒറീസ പ്രൊവിൻഷ്യൽ ബ്രാഞ്ചായി ഇത് അറിയപ്പെട്ടു.

10) കമല ചൗധരി

കമല ചൗധരി

1930 ൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിസഹകരണ പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്നു കമല ചൗധരി. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് കമല ജനിച്ചത്. പിന്നീട് എഴുപതുകളുടെ അവസാനത്തിൽ ലോക്‌സഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

11) ലീല റോയ്

ലീല റോയ്

അസമിൽ ജനിച്ച ലീല റോയ് 1921ൽ ബെഥൂൺ കോളജിൽ നിന്ന് ബിരുദം നേടി. ബംഗാളിലെ വനിതാ വോട്ടവകാശ സമിതിയുടെ അസിസ്റ്റന്‍റ് സെക്രട്ടറിയായി പ്രവർത്തിച്ചു.

12) ദാക്ഷായണി വേലായുധൻ

1912 ൽ കൊച്ചിയിലെ ബോൾഗട്ടി ദ്വീപിലാണ് ദാക്ഷായണി വേലായുധന്‍റെ ജനനം. കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് 1945 ൽ നാമനിർദേശം ചെയ്യപ്പെട്ട ദാക്ഷായണി 1946 ൽ ഭരണഘടനാ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനാ അസംബ്ലിയിലെത്തുന്ന ഏക ദളിത് വനിതയാണ് ദാക്ഷായണി വേലായുധൻ.

13) രേണുക റേ

രേണുക റേ

ഒരു സാമൂഹ്യ പ്രവർത്തകയായ രേണുക റേ 1943 മുതൽ 1946 വരെ കേന്ദ്ര നിയമസഭ, ഭരണഘടനാ അസംബ്ലി എന്നിവയിലെ അംഗമായിരുന്നു. 1952 മുതൽ 1957 വരെ ദുരിതാശ്വാസ-പുനരധിവാസ മന്ത്രിയായി പശ്ചിമ ബംഗാൾ നിയമസഭയിൽ സേവനമനുഷ്ഠിച്ചു.

14) ആനി മസ്‌കറീൻ

ആനി മസ്‌കറീൻ

കേരളത്തിലെ തിരുവനന്തപുരത്ത് ജനിച്ച ആനി മസ്‌കറീൻ തിരുവിതാംകൂർ സംസ്ഥാന കോൺഗ്രസിൽ ചേർന്ന ആദ്യ വനിതകളിൽ ഒരാളാണ്. ഇതിലൂടെ പ്രവർത്തക സമിതി അംഗമായ ആദ്യ വനിതയായി. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ എംപിയായ ആനി മസ്‌കറീൻ 1951 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

15) പൂർണിമ ബാനർജി

ഉത്തർപ്രദേശിലെ അലഹബാദിൽ നടന്ന ഇന്ത്യൻ ദേശീയ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു പൂർണിമ ബാനർജി. 1930 കളുടെ അവസാനത്തിലും 1940 കളിലും സ്വാതന്ത്ര്യസമരത്തിനായി മുൻനിരയിൽ പ്രവർത്തിച്ച, ഉത്തർപ്രദേശിലെ പ്രമുഖ വനിതകളിൽ ഒരാളായിരുന്നു പൂർണിമ ബാനർജി.

Last Updated : Nov 27, 2019, 2:24 PM IST

ABOUT THE AUTHOR

...view details