ജയ്‌പൂർ:സിബിഐ അന്വേഷണത്തിനുള്ള പൊതു അനുമതി രാജസ്ഥാൻ സർക്കാർ പിൻവലിച്ചു. അന്വേഷണത്തിനും റെയ്‌ഡുകൾ നടത്തുന്നതിനും നിലവിൽ ഏജൻസിക്ക് സംസ്ഥാന സർക്കാരിന്‍റെ മുൻകൂർ അനുമതി ആവശ്യമാണ്. അന്വേഷണത്തിന് സിബിഐ മുൻകൂർ അനുമതി വാങ്ങണമെന്ന വിജ്ഞാപനം സർക്കാർ പുറത്തിറക്കി. ഓരോ കേസിനും പ്രത്യേകം അനുമതി വാങ്ങണം. ഇതിന്‍റെ ഭരണപരമായ വ്യവസ്ഥകൾ ഇന്നലെ അറിയിച്ചതായി അഡിഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു.
സിബിഐ അന്വേഷണത്തിനുള്ള പൊതു അനുമതി പിൻവലിച്ച് രാജസ്ഥാൻ സർക്കാർ
രാജസ്ഥാനിൽ അന്വേഷണം നടത്തുന്നതിന് ഇനിമുതൽ സിബിഐക്ക് സംസ്ഥാന സർക്കാരിന്‍റെ മുൻകൂർ അനുമതി ആവശ്യമാണ്. ഇതുസംബന്ധിച്ച വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി.
ഫോൺ ചോർത്തൽ കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിന് നോട്ടീസയച്ചതിന് ശേഷമാണ് അശോക് ഗെലോട്ട് സർക്കാരിന്‍റെ തീരുമാനം. 1990 ജൂണിലും രാജസ്ഥാൻ സർക്കാർ കേന്ദ്രത്തിന് പൊതു അനുമതി നൽകാൻ വിസമ്മതിച്ചതായി അധികൃതർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ സിബിഐ രാജസ്ഥാനിൽ എത്തുകയാണെങ്കിൽ ആദ്യം സംസ്ഥാന സർക്കാരിന്‍റെ അനുമതി വാങ്ങണമെന്ന് വിജ്ഞാപനത്തിൽ വ്യക്തമായി പറയുന്നു. എന്നാൽ അന്താരാഷ്‌ട്ര, ദേശീയ, അന്തർ സംസ്ഥാന കേസുകൾക്ക് അനുമതി ആവശ്യമില്ല. രാജസ്ഥാൻ സർക്കാരിന്‍റെ നീക്കത്തെ ബിജെപി ചോദ്യം ചെയ്‌തു. എസ്‌ഒജിയെയും എസിബിയെയും സംസ്ഥാന സർക്കാർ ദുരുപയോഗം ചെയ്യുന്നത് സിബിഐ നടപടികളെ ഭയന്നിട്ടാണ്. ഇതിൽ ദുരൂഹമായ എന്തോ ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു.
മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ സച്ചിൻ പൈലറ്റും 18 എംഎൽഎമാരും നടത്തിയ വിപ്ലവമാണ് കോൺഗ്രസ് നേരിടുന്നത്. ഫോൺ സംഭാഷണത്തെ അടിസ്ഥാനമാക്കി ചില നേതാക്കന്മാർക്കെതിരെ കുതിരക്കച്ചവടക്കുറ്റം ചുമത്തി സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണം സ്ഥിതി കൂടുതൽ വഷളാക്കി. 2018 ൽ എതിരാളികളെ നേരിടാൻ കേന്ദ്രം ഏജൻസികളെ ദുരൂപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് സിബിഐയുമായി ബന്ധപ്പെട്ട് സമാനമായ നടപടി പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് സർക്കാരുകൾ സ്വീകരിച്ചിരുന്നു.