ന്യൂഡൽഹി: എല്ലാ വർഷവും ജൂലൈ 26 കാർഗിൽ വിജയ ദിനമായി നാം ആഘോഷിക്കുകയാണ്. 'ഓപ്പറേഷൻ വിജയ്' ഇന്ത്യയുടെ സൈനിക വിജയത്തിന്‍റെ ഓര്‍മ കൂടിയാണ്. 2020 ജൂലായ് 26ന് ഇന്ത്യ കാര്‍ഗില്‍ വിജയ് ദിവസത്തിന്‍റെ 21ാം വാര്‍ഷികമാണ്. 'ഓപ്പറേഷൻ വിജയ്'ക്കിടെ രക്തസാക്ഷിത്വം വരിച്ച ക്യാപ്റ്റൻ വിജയന്ത് ഥാപ്പർ ഇന്ത്യയിലെ മുഴുവൻ യുവജനതക്കും പ്രചോദനമായി ഇന്നും നിലനിൽക്കുന്നു.
1999 ജൂലായ് 26ന് 'ഓപ്പറേഷൻ വിജയ്'ലൂടെ ഇന്ത്യയുടെ ഔട്ട് പോസ്റ്റുകള്‍ പാകിസ്ഥാനിൽ നിന്നും തിരിച്ചു പിടിക്കുന്നതിനിടെയാണ് ക്യാപ്റ്റൻ വിജയന്ത് ഥാപ്പർ രക്തസാക്ഷിത്വം വരിച്ചത്. ക്യാപ്റ്റൻ വിജയന്ത് ഥാപ്പറിന്‍റെ ഓർമകൾ പങ്കുവെച്ച് അച്ഛൻ കേണൽ വി.എൻ ഥാപ്പർ.
'വിജയന്ത് അറ്റ് കാർഗിൽ'
ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കേണൽ വി.എൻ ഥാപ്പർ മകന്‍റെ ഓർമകൾ പങ്കുവെച്ചു. വിജയന്ത് ഥാപ്പറിന്‍റെ സ്‌കൂൾ, കോളജ്, ദേശസ്‌നേഹം, ധീരത എന്നിവ ഉൾപ്പെടുത്തിയാണ് കേണൽ വി.എൻ ഥാപ്പർ 'വിജയന്ത് അറ്റ് കാർഗിൽ'എന്ന ബുക്ക് പൂർത്തിയാക്കിയത്. 20 വർഷത്തെ കഠിന പരിശ്രമത്തിന് ശേഷമാണ് ബുക്ക് അദ്ദേഹത്തിന് പൂർത്തീകരിക്കാനായത്. തന്‍റെ മകന്‍റെ ശരീരം മാത്രമാണ് ഈ ലോകത്ത് നിന്നും പോയതെന്നും രാജ്യത്തോടുള്ള സ്നേഹവും ചിന്തകളും എല്ലായ്‌പ്പോഴും തങ്ങളോടൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അവസാനത്തെ കത്ത്
മകൻ എഴുതിയ അവസാനത്തെ കത്തിലെ വിവരങ്ങൾ അദ്ദേഹം ഇടിവി ഭാരതുമായി പങ്കുവെച്ചു.'എനിക്ക് പശ്ചാത്താപമില്ല. ഇനിയും ഒരു മനുഷ്യനായി ജനിക്കാൻ കഴിഞ്ഞാൽ സൈന്യത്തിൽ ചേർന്ന് രാജ്യത്തിനായി പോരാടും.' കാർഗിൽ യുദ്ധ നായകനായ ക്യാപ്റ്റൻ വിജയന്തിന് ആദരാഞ്ജലി അർപ്പിക്കാനായി ഒന്നര ലക്ഷത്തോളം ആളുകളാണ് നോയിഡയിൽ എത്തിച്ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനായി പ്രവർത്തിക്കുന്നതാണ് മുഖ്യം
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മക്കളെക്കുറിച്ച് മാതാപിതാക്കൾ കൂടുതൽ അഭിമാനത്തോടെ സംസാരിക്കുന്നതായി കണ്ടിട്ടുണ്ടെന്നും എന്നാൽ സ്വന്തം രാജ്യത്തിനായി എന്തുചെയ്യുന്നുവെന്നതാണ് പ്രധാന്യമർഹിക്കുന്നതെന്ന് കേണൽ വി.എൻ ഥാപ്പർ പറഞ്ഞു. ഇന്ത്യയിലെ നിന്ന് യുവജനത ഇന്ത്യക്കായി സേവനമനുഷ്‌ഠിക്കണമെന്ന് ഈ അച്ഛൻ പറയുന്നു. അതാണ് നമ്മുടെ പ്രധാന ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.
ഉത്തർപ്രദേശിലെ നോയിഡയിലെ നിന്നുള്ള ക്യാപ്റ്റൻ വിജയന്ത് ഥാപ്പറിന് രക്തസാക്ഷിത്വം വഹിക്കുമ്പോൾ പ്രായം 22 വയസ്. ആർമി കുടുംബത്തിലെ നാലാം തലമുറക്കാരനായിരുന്നു ക്യാപ്റ്റൻ വിജയന്ത്. പ്രശസ്‌തമായ രണ്ട് രജപുത്താന റൈഫിൾസിന്‍റെ ഭാഗമായിരുന്നു ഇദ്ദേഹം. യുദ്ധത്തിലെ ആക്രമണത്തിന് നേതൃത്വം നൽകുന്നതിനിടെയാണ് ഇദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. കാർഗിൽ യുദ്ധകാലത്തെ ധീരതയ്ക്ക് മരണാനന്തര ബഹുമതിയായി ഇന്ത്യയുടെ ഉയർന്ന സൈനിക ബഹുമതിയായ വീർ ചക്ര നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു.