കേരളം

kerala

ETV Bharat / bharat

ആത്മീയാചാര്യനായ ഗാന്ധിജി - ഗാന്ധിജിയിൽ നിന്ന് മഹാത്മാ ഗാന്ധിയിലേക്കുള്ള പരിവത്തന യാത്ര

മഹാത്മ ഗാന്ധി രാഷ്ട്രീയ ഗുരു മാത്രമായിരുന്നില്ല, ആത്മീയ രംഗത്തും ഗാന്ധിയില്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്

ഗാന്ധിജിയിൽ നിന്ന് മഹാത്മാ ഗാന്ധിയിലേക്കുള്ള പരിവത്തന യാത്ര

By

Published : Sep 20, 2019, 7:47 AM IST

ഗാന്ധിജിയെ പോലൊരാൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് പറഞ്ഞാൽ വരും തലമുറകൾ വിശ്വസിക്കുമെന്ന് തോന്നുന്നില്ല. ആൽബർട്ട് ഐൻ‌സ്റ്റൈൻ ഗാന്ധിജിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിവ. മഹാത്മാവെന്ന വിശേഷണത്തോട് ഗാന്ധിജിക്ക് വെറുപ്പായിരുന്നു. ആരെങ്കിലും മഹാത്മാ എന്ന് വിളിക്കുന്നത് പോലും അദ്ദേഹത്തിന് അസഹ്യമായിരുന്നു. എല്ലാവരേയും പോലെ ഗാന്ധിജി ഒരു സാധാരണ മനുഷ്യനായിരുന്നു. അദ്ദേഹം തന്‍റെ പ്രവൃത്തികളാൽ മഹാനായി. പങ്കു വെച്ച ആശയങ്ങളും ശാന്ത സ്വഭാവവും അദ്ദേഹത്തെ വലിയ ഉയരങ്ങളിലെത്താന്‍ സഹായിച്ചു. ഏതൊരു മനുഷ്യനെപ്പോലെ ഗാന്ധിജിയും ജീവിതത്തിൽ നിരവധി തെറ്റുകൾ ചെയ്തിട്ടുണ്ട്. എന്നാൽ ആ തെറ്റുകൾ പിന്നീടൊരിക്കലും ആവർത്തിക്കാത്തത് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി.

ഗാന്ധിജി ലളിതമായ ജീവിതശൈലിക്കുടമ

ഗാന്ധിജി ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും സ്വയം വിലയിരുത്തിയിരുന്നു. ആത്മപരിശോധന നടത്തി തന്‍റെ കുറവുകളെക്കുറിച്ച് മനസിലാക്കുമായിരുന്നു. സ്വന്തം വാക്കുകളും പ്രവർത്തികളും മാത്രമല്ല ചിന്തകൾ പോലും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയിരുന്നു. തന്‍റെ ചിന്തകളിൽ കടന്നുവരുന്ന തെറ്റുകൾ പോലും സർവശക്തനായ ദൈവം കാണുമെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാൽ സ്വന്തം തെറ്റുകൾ അദ്ദേഹം ലോകത്തിനുമുമ്പിൽ ഏറ്റുപറഞ്ഞു. പാപത്തിന് പ്രായശ്ചിത്തം ചെയ്യാനുള്ള വഴിയും കണ്ടെത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് ആശ്രമത്തിൽ വെച്ച് ഒരിക്കൽ അദ്ദേഹം ഭക്ഷണം ഒഴിവാക്കി. അത്തരത്തിൽ സ്വയം ഏറ്റെടുത്തിരുന്ന ശിക്ഷകളാണ് പിന്നീട് അനിശ്ചിതകാല ഉപവാസങ്ങളിലേക്ക് ഗാന്ധിജിയെ നയിച്ചത്. പിന്നീടുള്ള ജീവിതത്തിൽ ഈ നിയമങ്ങൾ മറ്റുള്ളവരിലേക്കും അദ്ദേഹം പങ്കുവെച്ചു. അതുകൊണ്ടാണ് സമൂഹത്തിൽ അക്രമവും വർഗീയ വിദ്വേഷവും നിറയുന്നത് കണ്ടപ്പോൾ അദ്ദേഹം ഉപവസിച്ചത്. ഉപവസിക്കുമ്പോൾ പ്രാർഥനകൾ തീവ്രമാകുമെന്നും തനിക്ക് സമാധാനം ലഭിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു.

ഗാന്ധിജി സമരനാളുകളില്‍

മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്താനുള്ള പൊതു പ്രവണതക്ക് വിരുദ്ധമായി ഗാന്ധിജി സ്വന്തം കുറ്റം കണ്ടെത്തി. അതിനെ “ഹിമാലയൻ മണ്ടത്തരം” എന്ന് വിവരിച്ചു . വാസ്തവത്തിൽ, ‘ഹിമാലയൻ മണ്ടത്തരം’ എന്ന പ്രയോഗത്തിന് ഗാന്ധിജിയോട് നമ്മൾ കടപ്പെട്ടിരിക്കുന്നു. തെറ്റ് തിരിച്ചറിഞ്ഞയുടനെ അത് പരസ്യമാക്കാനും പരിഹരിക്കാനും പിന്നീടൊരിക്കലും അവർത്തിക്കാതിരിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. ഇത്തരത്തിലുള്ള പരീക്ഷണങ്ങൾക്കൊപ്പം അദ്ദേഹത്തിന്‍റെ ചിന്തകളും വികസിച്ചു . സ്വന്തം പ്രവൃത്തികളെക്കുറിച്ചും ചിന്തകളെക്കുറിച്ചും എപ്പോഴും അദ്ദേഹം ജാഗ്രത പുലർത്തിയിരുന്നു.

ഗാന്ധിജിയുടെ സത്യാഗ്രഹ പ്രസ്ഥാനം

യുക്തിയും വിശ്വാസവും തമ്മിലുള്ള സന്തുലിതാവസ്ഥ ഗാന്ധിജി സൂക്ഷിച്ചിരുന്നു. യുക്തിസഹമായ ആശയങ്ങൾ മാത്രമേ അദ്ദേഹം സ്വീകരിച്ചിരുന്നുള്ളു. തിയോസഫിക്കൽ സമൂഹത്തിലെ പല അംഗങ്ങളുടെയും ചിന്തകളോട് ഗാന്ധിജി താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മെറ്റാഫിസിക്സും മരണാനന്തര ജീവിതമെന്ന സങ്കൽപവും അദ്ദേഹം വിശ്വസിച്ചില്ല. തികഞ്ഞ ദൈവ വിശ്വാസികൂടിയായിരുന്നു ഗാന്ധിജി. ഓരോ വ്യക്തിയിലും ദൈവത്തിന്‍റെ അംശമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. അഹിംസ പരിശീലിക്കുന്നതിലൂടെ മാത്രമേ സത്യം നേടാനാകൂ എന്നും ഗാന്ധിജി വാദിച്ചു. മതഗ്രന്ഥങ്ങളെയും വിശുദ്ധരുടെ വാക്കുകളെയും ഗാന്ധിജി ബഹുമാനിച്ചിരുന്നു.

ഗാന്ധിജി ജീവിതം കൊണ്ട് സന്ദേശം പഠിപ്പിച്ച വ്യക്തിത്വം

ജീവിതത്തോട് സമഗ്രമായ സമീപനമായിരുന്നു ഗാന്ധിജിക്ക്. രാഷ്ട്രീയ വിഷയങ്ങളിൽ വലിയ താല്പര്യം കാണിക്കുകയും മാനുഷിക മൂല്യങ്ങളെ അടിസ്ഥാനമാക്കി രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്തു . ഒരിക്കലും വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി, നിറം ത്വക്ക്, ജാതി, മതം എന്നിവ നോക്കി ഗാന്ധിജി മനുഷ്യരെ വിലയിരുത്തിയിട്ടില്ല. സ്വന്തം ശബ്ദം കേൾക്കാൻ മറ്റുള്ളവരെ നിർബന്ധിക്കുന്നതിന് പകരം അവരുടെ വാക്കുകൾക്ക് അദ്ദേഹം ചെവികൊടുത്തു. ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ ശ്രദ്ധേയമായ സംസാരത്തിലൂടെ മറ്റുള്ളവരെ ആകർഷിക്കുന്ന പ്രവണതക്ക് നേരെ വിപരീതമായിരുന്നു ഗാന്ധിജി.

വ്യക്തികളെ തുല്യമായി പരിഗണിച്ചതുപോലെ, എല്ലാത്തരം ജോലികൾക്കും അദ്ദേഹം തുല്യ പ്രാധാന്യം നൽകി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു ജോലിയും വലുതോ ചെറുതോ ആയിരുന്നില്ല. ജോൺ റസ്‌കിന്‍റെ “അവസാനത്തേതിലേക്ക്” എന്ന പുസ്തകം ഗാന്ധിജിയെ വളരെയധികം സ്വാധീനിച്ചു. പുസ്തകത്തിൽ തനിക്ക് ഇഷ്ടപ്പെട്ട ചില നിർദ്ദേശങ്ങൾ സ്വന്തം ജീവിതത്തിൽ പരീക്ഷിക്കാൻ ഗാന്ധിജി തീരുമാനിച്ചിരുന്നു. അദ്ദേഹം ആദ്യം ചെയ്തത് ഡർബൻ വിടുക എന്നതാണ്. ആഢംബര ജീവിതം ഉപേക്ഷിച്ച് വിദൂര ഗ്രാമമായ ഫീനിക്സിൽ ഒരു കാർഷിക തൊഴിലാളിയുടെ ജീവിതം നയിക്കാൻ അദ്ദേഹം തീരുമാനിച്ചു . തന്‍റെ ആശ്രമം അഹമ്മദാബാദിലെ സബർമതിയിൽ നിന്ന് സേവാഗ്രാമിലേക്ക് മാറ്റിയപ്പോൾ വാർധയ്ക്കടുത്തുള്ള ഗ്രാമമായ സെഗാവോണിലെ ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹം ആശ്രമ വാസികളെ ഉപദേശിച്ചു . എന്നാൽ ഉപദേശം നൽകുന്നതിനു മുമ്പ്, ഗാന്ധിജി തന്നെ ശുചിമുറികൾ സ്വയം വൃത്തിയാക്കാൻ തുടങ്ങി. ഗാന്ധിജി സ്വയം പറഞ്ഞകാര്യങ്ങള്‍ തന്നെ പ്രവർത്തിച്ചു. അതുകൊണ്ടാണ് അദ്ദേഹം തന്‍റെ ജീവിതം തന്നെ സന്ദേശമാക്കി മാറ്റിയത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details