റായ്ചൂർ: ഗ്രാമങ്ങളിലെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ യാത്ര ചെയ്യുകയാണ് കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. എന്നാൽ അദ്ദേഹത്തിനു നേരെ പ്രതിഷേധവുമായി എത്തിയവർക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ കുമാരസ്വാമിയെ കുരുക്കിലാക്കിയിരിക്കുകയാണ്.
'മോദിക്ക് വോട്ട് ചെയ്തവർ എന്നോട് പരാതി പറയാൻ വരേണ്ട'- പ്രതിഷേധക്കാരോട് കയർത്ത് കുമാരസ്വാമി
റായ്ചൂർ താപനിലയത്തിലെ ജീവനക്കാരാണ് മുഖ്യമന്ത്രി യാത്ര ചെയ്തിരുന്ന ബസിന് നേരെ പ്രതിഷേധവുമായി എത്തിയത്.
റായ്ചൂർ താപനിലയത്തിലെ ജീവനക്കാരാണ് മുഖ്യമന്ത്രി യാത്ര ചെയ്തിരുന്ന ബസിന് നേരെ പ്രതിഷേധവുമായി എത്തിയത്. എന്നാൽ " നരേന്ദ്ര മോദിക്ക് വോട്ട് ചെയ്തവർ എന്നോട് എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത്. ബസിന് മുമ്പിൽ നിന്ന് മാറിയില്ലെങ്കിൽ ലാത്തി ചാർജിന് ഉത്തരവിടും " എന്നാണ് മുഖ്യമന്ത്രി പ്രതിഷേധക്കാരോട് പറഞ്ഞത്. കെഎസ്ആർടിസി ബസിൽ കരഗുഡ്ഡയിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി. വേതനം വർധനവുൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാർ പ്രതിഷേധവുമായി എത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിനേറ്റ തോൽവിയിൽ നിന്നും കരകയറാനാണ് കുമാരസ്വാമി ജനസമ്പർക്ക പരിപാടിക്ക് തുടക്കമിട്ടത്.