ഹൈദരാബാദ്: സംസ്ഥാനത്ത് പ്രതിദിനം 40,000 കൊവിഡ് -19 പരിശോധനകൾ നടത്താനും 10,000 കിടക്കകൾ തയ്യാറാക്കാനും തെലങ്കാന സർക്കാർ തീരുമാനിച്ചതായി ഔദ്യോഗിക അറിയിപ്പ്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കൊവിഡ് വ്യാപനം, രോഗ ബാധിതർക്ക് ചികിത്സ നൽകൽ, പൊതുജനാരോഗ്യ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തൽ എന്നിവ സംബന്ധിച്ച് ചർച്ച നടത്തി.
കൊവിഡ് രോഗികൾക്ക് ചികിത്സ നൽകുന്നതിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്ന ക്രമക്കേടുകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. രോഗം സ്ഥിരീകരിച്ചവരെ ഹോം ഐസൊലേഷൻ കിറ്റുകൾ ഉപയോഗിച്ച് ഹോം ക്വാറന്‍റൈനിൽ ഉൾപ്പെടുത്തും. ഇതിനായി 10 ലക്ഷം ഹോം ഐസൊലേഷൻ കിറ്റുകൾ തയ്യാറാക്കാൻ തീരുമാനമായി. സർക്കാർ ആശുപത്രികളിൽ എല്ലാ സൗകര്യങ്ങളും മരുന്നുകളും വിദഗ്ധ ഡോക്ടർമാരും സജ്ജീകരിച്ചിട്ടുണ്ടെന്നും രോഗികൾ ഈ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.