ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് കോർപറേഷന് കീഴിൽ വരുന്ന ജനങ്ങൾക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്യുന്നത് നിർത്തിവെക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ വോട്ടെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാതൃകാ പെരുമാറ്റ ചട്ടത്തെ ബാധിക്കുമെന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായവർക്ക് 10,000 രൂപയാണ് ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്‌തിരുന്നത്. ഇത് നിർത്തിവെക്കണമെന്നാണ് കമ്മിഷൻ അറിയിച്ചത്. ഡിസംബർ നാലിന് ഫലം പ്രഖ്യാപനത്തിന് ശേഷം സഹായ വിതരണം പുനരാരംഭിക്കാമെന്ന് ടി.എസ്.ഇ.സി സെക്രട്ടറി അശോക് കുമാർ സർക്കാരിന് അയച്ച കത്തിൽ പറയുന്നു.
തെലങ്കാനയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് വിതരണം നിർത്തിവെച്ചു - തെലങ്കാന തെരഞ്ഞെടുപ്പ് കമ്മിഷൻ
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് വിതരണം നിർത്തിവെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടത്.
150 അംഗങ്ങളുള്ള ജിഎച്ച്എംസിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ ഒന്നിനാണ് നടക്കുക. നിലവിലുള്ള ഒരു പദ്ധതിയായതിനാൽ സർക്കാരിന് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടുകളുടെ വിതരണം തുടരാമെന്ന് വോട്ടെടുപ്പ് പ്രഖ്യാപന വേളയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ സി. പാർഥസാരഥി പറഞ്ഞിരുന്നു. ഇതേ തുടർന്ന് തെലങ്കാന രാഷ്ട്ര സമിതി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. ധനസഹായം ലഭിക്കുന്നതിനായി ആയിരങ്ങൾ മീ സേവാ കേന്ദ്രങ്ങളിൽ എത്തിയതിനെ തുടർന്നാണ് ദുരിതാശ്വാസ ഫണ്ട് വിതരണം നിർത്തിവെക്കാൻ തീരുമാനമായത്. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തിൽ 50ഓളം പേർ മരിച്ചിരുന്നു. കൂടാതെ നൂറുകണക്കിന് കോളനികളാണ് വെള്ളത്തിൽ മുങ്ങിയത്.